കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് നാലുമരണങ്ങളില്‍ കൂടി പങ്കുണ്ടെന്ന് സംശയം. കൂടത്തായിയില്‍ മരിച്ച ആറുപേര്‍ക്കു പുറമേയാണ് നാലുപേരുടെ മരണത്തില്‍ കൂടി ബന്ധമുണ്ടെന്ന് സംശയിക്കുന്നത്.
മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന് , ഡൊമനിക് എന്നിവരുടെ മക്കളായ വിന്‍സന്റ്, സുനീഷ്, എന്നിവരും പൊന്നാമറ്റം വീടിന് സമീപത്ത് താമസിക്കുന്ന അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി, ചാത്തമംഗലം സ്വദേശി രാമകൃഷ്ണന് എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചവര്‍ .
ഇവരെല്ലാം ജോളിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ ജോളി, എം.എസ്.മാത്യു, പ്രജുകുമാർ എന്നിവരെ ഇന്ന് താമരശേരി കോടതിയിൽ ഹാജരാക്കും. പോലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് പ്രതികളെ ഇന്നു ഹാജരാക്കാൻ താമരശേരി ജഡീഷൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
ജോളിക്ക് സയനൈഡ് നൽകിയതിന് അറസ്റ്റിലായ എം.എസ്. മാത്യുവിന്റെ ജ്യാമാപേക്ഷയും ഇന്നു കോടതി പരിഗണിക്കുന്നുണ്ട്. പ്രമാദമായ കൂട്ടക്കൊല കേസായതിനാൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയേക്കും.നിരവധി സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ 15 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു കസ്റ്റഡിയിൽ വിട്ടുകിട്ടിയാലുടൻ കൂടത്തായിയിലും എൻഐടി ഭാഗത്തും മറ്റും പ്രതികളുമായി തെളിവെടുക്കും. ആറുകൊലപാതക കേസുകളും ആറു സംഘമായി തിരിഞ്ഞായിരിക്കും ഇനി അന്വേഷിക്കുക.
കേരള പോലീസിലെ സമർഥരായ ഓഫീസർമാരെ ഉൾപ്പെടുത്തി പുതിയ ആറ് അന്വേഷണ സംഘങ്ങൾ ഇന്നലെ രൂപീകരിച്ചതായി അറിയുന്നു. സിഐമാർ നേതൃത്വം നൽകുന്ന ടീമുകളെ സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു.കേസിൽ നൂറിലധികം പേരെ ഇനി ചോദ്യം ചെയ്യാനുണ്ട്. അവരിൽനിന്ന് ആവശ്യമുള്ളവരെ ഉൾപ്പെടുത്തി ലിസ്റ്റ് തയാറാക്കും. ഇവരെ ജോളിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് തീരുമാനം.
അറസ്റ്റിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ജോളി എറ്റവും കൂടുതൽ പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ജോളിയുടെയും തന്റെയും മക്കൾ ഒരുമിച്ച് പഠിക്കുന്നതിനാൽ ജോളിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നതായും മക്കൾക്കൊപ്പം സിനിമകാണാൻ പോയപ്പോൾ ജോളിയും മക്കളും ഒപ്പം വന്നിരുന്നതായും ജോൺസൻ മൊഴിനൽകി. ജോളിയുടെ സ്വർണം പണയം വയ്ക്കാൻ വാങ്ങിയിരുന്നതായും ഇദ്ദേഹം മൊഴിനൽകി. ജോളിയുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ ക്ളിപ്പിംഗ് ഇദ്ദേഹം അന്വേഷണസംഘത്തിന് കൈമാറി.
ഇതിനിടെ പൊന്നാമറ്റത്തിൽ കുടുംബത്തിലെ മറ്റു രണ്ടുപേരും ജോളിയുടെ രണ്ടുസുഹൃത്തുക്കളും ദുരൂഹസാഹചര്യത്തിൽ മരിച്ചതായി പരാതി ഉയർന്നതോടെ പോലീസിന്റെ ജോലി വർധിച്ചിരിക്കയാണ്. നിലവിലെ ആറ് ദുരൂഹമരണകേസുകൾ അന്വേഷിക്കുന്നതിനൊപ്പം മറ്റ് നാലു പരാതികളും അന്വേഷിക്കും. മരിച്ച അയൽവാസി ഇമ്പിച്ചുണ്ണിക്ക് റോയിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തുന്നതാണ്.
അതേസമയം ആറു പെണ്‍കുട്ടികളെ കൂടി കൊലപ്പെടുത്താന്‍ ജോളി ആസൂത്രിത നീക്കം നടത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരിയുടെ മകളുള്‍പ്പെടെ കുടുംബത്തിലേയും അടുപ്പമുള്ളവരുടേയും ആറ് പെണ്‍കുട്ടികളെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇതില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതിന് ശ്രമിച്ചതായി ആദ്യഘട്ടത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനു പുറമേയാണ് മറ്റുള്ള മൂന്നു പേര് കൂടി സമാനമായ സംഭവമുണ്ടായിരുന്നതായി അന്വേഷണസംഘത്തെ അറിയിച്ചത്. പെണ്കുട്ടികളുടെയെല്ലാം വായയില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് കാരണം കണ്ടെത്താനായിരുന്നില്ല. വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച കൂടത്തായി വില്ലേജ് ഓഫീസിനെക്കുറിച്ചും തഹസിൽദാർ ജയശ്രീയെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ റവന്യു മന്ത്രി ഉത്തരവിട്ടു.