കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സിബിഐയെ സമീപിക്കാനൊരുങ്ങിയ ബന്ധുക്കളെ തേടി ഉന്നത പോലീസുദ്യോഗസ്ഥന്റെ ദൂതനെത്തി.
കൂടത്തായി കേസില്‍ അട്ടിമറി നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ദൂതന് വഴി സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്മാറണമെന്ന അഭ്യര്‍ത്ഥനയുമായെത്തിയത്.
കഴിഞ്ഞ ദിവസം തുടരന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത “രാഷ്ട്ര ദീപിക’ നല്‍കിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞാണ് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് രഹസ്യമായി ദൂതനെ ചര്‍ച്ചയ്ക്കായി അയച്ചത്.
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രധാന സാക്ഷിയുടെ മൊബൈല്‍ ഫോണ്‍ ചോര്‍ത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ കോള്‍ ചോര്‍ത്തുന്നത്.
സാക്ഷിയുമായി ബന്ധപ്പെടുന്നവര്‍ ആരെല്ലാമാണെന്നും നിയമോപദേശം നല്‍കിയത് ആരെല്ലാമാണെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി കൂടത്തായി കേസ് അന്വേഷിച്ച ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂചന.
സാക്ഷി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സിബിഐ കേസ് ഏറ്റെടുത്താല്‍ സംസ്ഥാന പോലീസിന് അത് കളങ്കമായി മാറുമെന്ന ഭീതിയെ തുടര്‍ന്നാണ് ഉന്നത പോലീസുദ്യോഗസ്ഥന് രംഗത്തെത്തിയത്.
കേസില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പത്തോളം പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയും പ്രതികളാകേണ്ടവരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയും കൂടത്തായി സീരിയലിന് കളമൊരുക്കിയുമാണ് വന്‍ അട്ടിമറി നടത്തിയത്.
പൊന്നാമറ്റം ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഷാജുവിന്റെ പിതാവ് സക്കറിയയേയും ഒന്നര വയസുകാരി ആല്‍ഫൈനെ ജോളി സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ പൊന്നാമറ്റം ഷാജുവിനെയും ആദ്യം പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ കുറ്റപത്രം മാറ്റിയെഴുതിയെന്ന ഞെട്ടിക്കുന്ന വിവരവും “രാഷ്ട്ര ദീപിക’ പുറത്തുവന്നിരുന്നു.
ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിക്കു തൊട്ടുമുന്‍പായി ആറുപേജ് മാറ്റിയെഴുതിയത്. ഇതിന്റെ കൃത്യമായ വിവരങ്ങളടക്കം രേഖകള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഈ രേഖകള്‍ സഹിതം കോടതിയില്‍ ബന്ധുക്കള്‍ എത്തിയാല്‍ സംസ്ഥാന പോലീസിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ദൂതനെ അയച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ബന്ധുക്കള്‍ക്ക് വരെ കൊലപാതക പരമ്പരയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്ന് സാക്ഷികളിലെ പ്രമുഖര്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഇതെല്ലാം വന്‍ അട്ടമിറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.