കടുത്തുരുത്തി: ചാമക്കാലായിൽ ബേക്കറി ഉടമയ്ക്കു കുത്തേൽക്കാൻ കാരണം അയൽവാസിയുടെ അന്ധവിശ്വാസമെന്ന് പോലീസ്. കൂടെക്കൂടെ തനിക്ക് രോഗമുണ്ടാകാൻ കാരണം അയൽവാസിയും മരുമകനും കൂടോത്രം ചെയ്യുന്നതിനാലാണെന്ന അന്ധവിശ്വാസമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ചാമക്കാല പ്ലാംപറന്പിൽ പി.കെ. ജോണ്‍ (55) നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 8.30 ഓടെ ചാമക്കാലായിലെ കടയുടെ മുന്നിൽവച്ചാണ് ജോണിന് കുത്തേറ്റത്. ബേക്കറിയുടമയ്ക്കു കുത്തേറ്റ സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചാമക്കാല ചിറയിൽ പുത്തൻപുരയിൽ സൈമണാണ് മുർച്ചയുള്ള ആയുധംകൊണ്ട് ജോണിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൂടോത്രം സംബന്ധിച്ചു ജോണിന്റെ മരുമകൻ ബിജുവും സൈമണും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോണിനെ കടയ്ക്ക് മുന്നിൽവച്ച് സൈമണ്‍ ആക്രമിച്ചതെന്ന് കടുത്തുരുത്തി സിഐ പി.കെ. ശിവൻകുട്ടി പറഞ്ഞു.