കണ്ണൂര്‍: കണ്ണൂരിലെ സുധാകരന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കൂടോത്രം. തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ചിലര്‍ കൂടോത്രം നടത്തിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
കണ്ണൂരിലെ വീട്ടില്‍നിന്ന് സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും പുറത്തെടുത്ത് പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉയിര് പോകാത്തത് ഭാഗ്യമെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നതായും ഓഡിയോയില്‍ വ്യക്തമാണ്. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന് സുധാകരനെ ഉപദേശിക്കുന്നുമുണ്ട്.
സുധാകരനെ അപായപ്പെടുത്താൻ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.