തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരന്റെ വീട്ടുവളപ്പിലെ വാഴച്ചുവട്ടിൽ നിന്നും കുപ്പിയിൽ അടക്കം ചെയ്ത നിലയിൽ ശൂലം , ആൾരൂപങ്ങൾ, തകിടുകൾ എന്നിവ കണ്ടെത്തി. “കൂടോത്ര തകിടുകൾ’ കണ്ടെത്തിയ വിവരം വി.എം സുധീരൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
നിരന്തരമായി തനിക്ക് ഇത്തരം സാധനങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇത്തരം പാഴ്വേല ചെയ്യുന്നവരോട് സഹതാപമേയുള്ളുവെന്നും സുധീരൻ പറയുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പരാതിയില്ലെന്ന് സുധീരൻ പറഞ്ഞതിനാൽ കേസെടുത്തില്ല.
സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- “”ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്.
ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.’’