കൊല്ലം: പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഇനി വീട്ടിലിരുന്ന് തിരഞ്ഞെടുക്കാം. ലൈബ്രറി അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസറാണ് ഇക്കാര്യം അറിയിച്ചത്.ഓണ്‍ലൈന്‍ സംവിധാനം അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് ക്രമീകരിച്ചാണ് പുസ്തകങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുക. തിരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളും പരിഗണനയിലാണ്.
ഡിജിറ്റല്‍ കബോര്‍ഡ്, ബാര്‍ക്കോഡ്, ഡിജിറ്റല്‍ കാറ്റലോഗിങ്, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും. ലൈബ്രറേറിയന്റെ ഒഴിവ് ഉടന്‍ നികത്തും. ലൈബ്രറി പരിസരം മോടിപിടിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗപ്പെടുത്തും.’
കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് ധനസമാഹരണം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. സോളാര്‍ പാനലിംഗ് ഉള്‍പ്പെടെയുള്ള അധുനികവത്കരണത്തിനായി നഗരസഭയ്ക്ക് പദ്ധതി രേഖ സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ പ്രതാപ് ആര്. നായര്‍, പ്രഫ. പി.ഒ.ജെ. ലബ്ബ, എന്‍ ശിവരാമന് നായര്‍, കെ. ഭാസ്കരന്, പ്രൊഫ. കെ.ജി. സ്കന്ദന്, പ്രൊഫ. സീസര്‍ ആന്റണി, ഡോ. എസ്.ആര്. രാജഗോപാല്‍, ജെ. രാജശേഖരന് നായര്‍, എന്‍. സുദര്‍ശന ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.