കോഴിക്കോട്: കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണത്തിനിടെ ബീമുകൾ തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാർശ.
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.ആർ. അനിതകുമാരി, അസി. എൻജിനിയർ വി.മുഹ്സിൻ അമീൻ എന്നിവർക്ക് പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ചയുണ്ടായതായി പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പാലത്തിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ താക്കീത് ചെയ്യാനും ശിപാർശയുണ്ട്. സാങ്കേതിക പിഴവാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിലുണ്ട്.
ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണ് അപകടത്തിന് വഴിയൊരുക്കിയത്. പാലത്തിന്റെ നിർമാണ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടീവ് എൻജിനിയർ അവധിയിലായിരുന്നു.
പകരം മറ്റൊരാൾക്ക് ചുമതല നൽകുന്നതിൽ എക്സിക്യൂട്ടീവ് എൻജിനിയറായിരുന്ന അനിതകുമാരിക്ക് വീഴ്ചയുണ്ടായി. സൈറ്റ് എൻജിനിയറായ മുഹ്സിൻ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ശിപാർശ.
പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യം
കൂളിമാട് പാലത്തിന്റെ നിർമാണപ്രവൃത്തി നിലച്ചിട്ട് ഒരുമാസം പിന്നിട്ടതോടെ നിർമാണപ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്ന് കൂളിമാട് പാലം ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.
പാലത്തിന്റെ ബീമുകൾ പിയർ ക്യാന്പിൽ സ്ഥാപിക്കാൻ ജാക്കിവച്ച് ഉയർത്തുന്നതിനിടെ ബീമുകൾ മറിയുകയും അതിലൊരു ബീം പുഴയിൽ വീഴുകയും ചെയ്ത സംഭവത്തെ തുടർന്നാണ് നിർമാണം നിലച്ചത്.
നിർമാണവേളയിൽ നടന്ന അപകട സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതോടൊപ്പം തന്നെ സർക്കാർ നിർദേശപ്രകാരം നിർത്തിവച്ചിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനും പ്രവൃത്തി പൂർത്തീകരിച്ചു ജനങ്ങൾക്ക് തുറന്നു കൊടുക്കുവാനുമുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയുടെ പേരിൽ കൂട്ട ഇ- മെയിൽ അയച്ചു.