മൂന്നാർ: യുവാക്കളെ ലഹരിക്കടിമയാക്കുന്ന പ്രത്യേകതരം ഓംലറ്റ് മൂന്നാറിൽ മാഷിക് മഷ്റൂം എന്ന പേരിൽ തയാറാവുന്നു. അഞ്ഞൂറു മുതൽ രണ്ടായിരും രൂപ വരെ വില വരുന്ന ഓംലറ്റ് വാങ്ങുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യുവാക്കളാണ് മൂന്നാറിലെത്തുന്നത്.
മലന്പ്രദേശങ്ങളിലും പുൽമൈതാനങ്ങളിലും മുളയ്ക്കുന്ന കൂണുകൾ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്നവയാണെന്നും ഇതിന്റെ ലഹരി എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്നതുമാണെന്നാണ് കണ്ടെത്തിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന യുവാക്കൾ മണിക്കൂറുകൾ കാത്തുനിന്നാണ് ഇത് സ്വന്തമാക്കുന്നത്. ഈ ലഹരി സ്വന്തമാക്കുവാൻ മൂന്നാറിലെ എല്ലപ്പെട്ടി, കുണ്ടള, ചെണ്ടുവര ഭാഗങ്ങളിലാണ് എത്തിച്ചേരേണ്ടത്.
വളരെ രഹസ്യമായിട്ടാണ് വില്പന. നേരിട്ട് ഇത് സ്വന്തമാക്കാനാവില്ല. ഇടനിലക്കാരിലുടെ മാത്രമേ വില്പനക്കാരനിലെത്താനാവൂ. ഓർഡർ അനുസരിച്ചു മാത്രമാണ് നിർമാണം. ഓർഡർ നൽകിക്കഴിഞ്ഞാൽ ഇത് ലഭിക്കണമെങ്കിൽ നാലുമണിക്കൂർ മുതൽ എട്ടുമണിക്കൂർ വരെ കാത്തിരിക്കണം. അതു കഴിഞ്ഞാൽ വില്പനക്കാർ പറയുന്ന സ്ഥലത്തെത്തി ഓംലെറ്റ് സ്വന്തമാക്കാം.
ഇത് സ്വന്തമാക്കാൻ എത്തുന്നവരിൽ ഏറിയ പങ്കും 18 വയസു മുതൽ 35 വയസുള്ളവരാണ്. കാട്ടുപോത്ത് മേഞ്ഞു നടക്കുന്ന കാട്ടുപ്രദേശങ്ങളിലാണ് ഇവ കൂടുതലും കണ്ടുവരുന്നത്. കാട്ടുപോത്തിന്റെ വിസർജ്യം കിടക്കുന്ന സ്ഥലങ്ങളിൽ നാളുകൾക്കുശേഷമാണ് ഇത്തരം കൂണുകൾ മുളയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. സൈലോ സൈബിൻ എന്ന വിഭാഗത്തിൽപ്പെടുന്നവയാണ് ഇത്തരം കൂണുകൾ. ലോകത്താകമാനം ഇത്തരത്തിലുള്ള 200 ഓളം കൂണുകൾ ചിലത് മനുഷ്യന് ഗുണം ചെയ്യുന്നതാണെങ്കിലും മറ്റു ചിലത് അത്യന്തം അപകടകാരികളാണ്.
ഇത്തരം കൂണുകളിൽ വിഷപദാർത്ഥം ഉണ്ടെന്ന കണ്ടെത്തലുകൾ വന്നതോടെ 1960 കളുടെ ആദ്യപകുതിയിൽ ഹാർഡ് വാർഡ് യൂണിവഴ്സിറ്റി ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. തമിഴ്നാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ കൊടൈക്കനാലിൽ ഇത്തരം കൂണുകൾ സുലഭമായി ലഭിച്ചിരുന്നു.