കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാളങ്ങാലി നാലുസെന്റ് കോളനിയിലെ പിന്നോക്കവിഭാഗക്കാർ അടക്കമുള്ള നിർധനകുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ പലതും ശോചനീയാവസ്ഥയിൽ. വീടുകൾ തകർച്ചയുടെ വക്കിലുള്ളതും, പ്ലാസ്റ്റിക് ഷീറ്റ് നിർമിത ഷെഡിൽ കാലങ്ങളായി താമസിച്ചുവരുന്നവരുണ്ട്. വർഷങ്ങൾകഴിഞ്ഞും വീടും സ്ഥലവും ലഭിക്കാനായി പഞ്ചായത്തിൽ അപേക്ഷനൽകി കാത്തിരിക്കുന്നവരുമുണ്ട് കോളനിയിൽ.
കോളനിക്കായുള്ള 2.5 ഏക്കർ ഭൂമിയിൽ 60 വീടുകൾക്കായുള്ള പ്ലോട്ടുകളാണുള്ളത്. നിലവിൽ 26 കുടുംബങ്ങളാണ് കോളനിയിൽ താമസിച്ചുവരുന്നത്. ബാക്കിവരുന്ന പ്ലോട്ടുകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. എന്നിട്ടും സർക്കാർ ഭവനനിർമ്മാണ പദ്ധതിയിലൂടെ വീടിനായും വീടിനുള്ളസ്ഥലത്തിനായും അപേക്ഷനൽകി വർഷങ്ങളോളം പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തിലെ ഭവന രഹിതരായവർക്കായി ഭൂമി പതിച്ചുനൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോളനിയിലേക്കുള്ള വഴിയടക്കമുള്ള സൗകര്യക്കുറവുമൂലം ഇവിടെനിന്നും ഒഴിഞ്ഞുപോയ കുടുംബങ്ങളുമുണ്ടെന്നും നിവാസികൾ പറയുന്നു.കൂടാതെ ചില വീടുകളുടെ മേൽക്കൂരകൾ നിരോധിത ആസ്ബറ്റോസ് ഷീറ്റുകളിൽ നിർമിതമാണ്. കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ ഭയാശങ്കയോടെയാണ് തങ്ങൾ വീടുകളിൽ കഴിയുന്നതെന്നുമാണിവർ പറയുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങളില്ലാത്തവരുമുണ്ട്.
കോളനിയിൽ കുടിവെള്ളത്തിനായി പഞ്ചായത്ത് നിർമ്മിച്ച് നൽകിയിട്ടുള്ള കിണറ്റിൽ വേനൽക്കാലമായാൽ ജലക്ഷാമം നേരിടുന്നതും കോളനി നിവാസികൾക്ക് ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. വീടിനും, സ്ഥലത്തിനുമായി അപേക്ഷനൽകി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് വീടും സ്ഥലവും ഉടൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.