കോതമംഗലം: തട്ടേക്കാട് മാൻ വർഗത്തിലെ രാത്രി സഞ്ചാരിയായ കൂരമാനിനെ (കൂരൻ) പരിക്കേറ്റ നിലയിൽ കണ്ടെത്തി. തട്ടേക്കാട് ഞായപ്പിളിയിൽ ചെറിയ അരുവിയിലാണ് കൂരമാനെ നാട്ടുകാർ കണ്ടെത്തിയത്. പക്ഷി സങ്കേതത്തിലെത്തിച്ച കൂരമാനിന് വനം വകുപ്പ് പ്രഥമ ശുശ്രൂഷ നൽകി പരിചരിച്ച് വരികയാണ്.
കൂരമാൻ സുഖം പ്രാപിച്ചുവരുന്നതായും പൂർണ ആരോഗ്യം പ്രാപിച്ചാൽ വനത്തിൽ തുറന്നുവിടുമെന്നും വനപാലകർ അറിയിച്ചു. മൗസ് ഡിയർ പെണ്‍വർഗത്തിൽപ്പെട്ട കൂരമാനാണ് തട്ടേക്കാട് ക്യാച്ച്മെന്റ് ഏരിയയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പക്ഷികളോ മറ്റോ ആക്രമിച്ച് വെള്ളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്.
കേരളത്തിലെ വനാന്തരങ്ങളിൽ അങ്ങിങ്ങായി ഇവയെ കാണപ്പെടുന്നുണ്ട്. രാത്രി സഞ്ചാരിയായ കൂരമാനുകളെ സാധാരണയായി അടുത്തു കാണാൻ കഴിയാറില്ല. കുളന്പുള്ള ജീവികളിലും മാൻ വർഗത്തിലും ഏറ്റവും ചെറുതാണ് കൂരമാനുകൾ. സസ്യഭുക്കുകളായ കൂരമാനുകളുടെ പ്രധാന ഭക്ഷണം നിലത്തു വീണു കിടക്കുന്ന പഴങ്ങളും, ഇലകളും, പുല്ലുമാണ് ചാരനിറമുള്ള ഇവയുടെ ദേഹത്ത് വരകളും കാണാം.