സ്വന്തം ലേഖകൻ
തൃശൂർ: കൂർക്കഞ്ചേരി സെന്ററിൽ റോഡ് മുറിച്ചു കടക്കണമെങ്കിൽ കളരി പഠിക്കുക. കാരണം കളരി അഭ്യസിച്ച് അന്തരീക്ഷത്തിലുയർന്ന് റോഡിന്റെ ഇപ്പുറത്തു നിന്നും അപ്പുറം ചാടിക്കടക്കാൻ പഠിച്ചില്ലെങ്കിൽ റോഡ് മുറിച്ചു കടക്കുന്പോൾ വണ്ടിയിടിക്കുമെന്നത് തർക്കമില്ലാത്ത കാര്യം. അതുകൊണ്ട് കൂർക്കഞ്ചേരിയിൽ റോഡ് മുറിച്ചു കടക്കണമെന്നാഗ്രഹിക്കുന്നവർ ദയവു ചെയ്ത് കളരി പഠിക്കുക.
കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നവരാണ് കൂടുതലായും തിരക്കേറിയ ഈ ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കാൻ പെടാപാടു പെടുന്നത്.പ്രായമായവരും കുട്ടികളുമെല്ലാം ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. ഡിവൈഡറുകളോ ഗതാഗതം നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങളോ ഇവിടെയില്ല. സ്വകാര്യ ബസുകൾ തോന്നുംപോലെ പലയിടത്തായി ആളുകളെ കയറ്റാനും ഇറക്കാനും നിർത്തുന്നതും യാതൊരു ശ്രദ്ധയുമില്ലാതെ മുന്നോട്ടെടുക്കുന്നതും അപകടസാധ്യത സൃ്ഷ്ടിക്കുന്നു.
കൂർക്കഞ്ചേരിയിൽ റോഡ് വികസനം നടത്തിയതോടെയാണ് പ്രശ്നങ്ങൾ കൂടിയതെന്നും ഇവിടുള്ളവർ പറയുന്നു. ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങൾ ഇല്ലാതെയാണ് ഇവിടെ റോഡിന് വീതി കൂട്ടിയതെന്നും പരാതിയുണ്ട്. സ്കൂൾ സമയങ്ങളിൽ വൻതിരക്കാണ് കൂർക്കഞ്ചേരി സെന്ററിൽ അനുഭവപ്പെടുന്നത്. ആശുപത്രിയിലേക്ക് രോഗികളേയും കൊണ്ടുവരുന്ന ആംബുലൻസുകളും മറ്റു വാഹനങ്ങളും വേഗതയിലെത്തുന്പോൾ ആശുപത്രിയിലേക്ക് കടക്കാൻ പോലും പലപ്പോഴും ഗതാഗതക്കുരുക്കു മൂലം ബുദ്ധിമുട്ടാറുണ്ട്.
സീബ്ര ലൈനുകൾ സെന്ററിലെ പല റോഡുകളിലുമുണ്ടായിരുന്നുവെങ്കിലും അതെല്ലാം മാഞ്ഞുപോയിരിക്കുകയാണ്. അവ വീണ്ടും ശരിയാം വിധം വരച്ചാൽ കുറേയേറെ പ്രശ്നങ്ങൾ ഒഴിവാക്കാം. ചിയ്യാരത്തേക്കും കണ്ണംകുളങ്ങരയിലേക്കും വടൂക്കരയിലേക്കുമൊക്കെയായി ചെറുതും വലുതമായ പല വഴികൾ കൂർക്കഞ്ചേരി സെന്ററിൽ സംഗമിക്കുന്നുണ്ട്. ഈ വഴിക്കെല്ലാം ലക്കുംലഗാനുമില്ലാതെ വാഹനങ്ങൾ വരുന്പോൾ കാൽനടയാത്രക്കാരാണ് ഇവയ്ക്കിടയിൽ നിന്ന് രക്ഷപ്പെടാൻ ജീവനും കൊണ്ട് ഓടിമാറുന്നത്.
സിഗ്നൽ ലൈറ്റുകൾ കൂർക്കഞ്ചേരി സെന്ററിൽ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങളും കൂർക്കഞ്ചേരി സെന്ററിലെ രൂക്ഷവും അപകടകരവുമായ ഗതാഗതക്കുരുക്കുമൂലം ബുദ്ധിമുട്ടുന്നുണ്ട്. മഴക്കാലമായതോടെ ഇവിടെ കാൽനടയാത്രക്കാരുടെ ദുരിതം വർധിച്ചിരിക്കുകയാണ്.