പഴയങ്ങാടി:ഏഴോം കൂർമ്പക്കാവിൽ രണ്ടരവർഷം മുമ്പ് ശ്രീകോവിൽ കുത്തിത്തുറന്ന് ദേവിയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട കേസ് ഇന്നും തെളിയിക്കപ്പെട്ടില്ല. കളവ് നടന്ന് ഒരു മാസം കഴിഞ്ഞയുടൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത് പ്രതികൾ വലയിലായെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും തെളിവെടുപ്പ് മാത്രമേ ബാക്കിയുള്ളൂവെന്നുമാണ്.
എന്നാൽ, ഇതുവരെ ഒരു തുമ്പും ലഭിച്ചില്ലെന്നാണ് അറിയാൻ കഴിയുന്നതെന്ന് ക്ഷേത്രഭാരവാഹികൾ ആരോപിച്ചു. പഴയങ്ങാടി പോലീസ് എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും എല്ലാം പ്രഹസനമായിരുന്നു.ദുരൂഹത നിറഞ്ഞ മോഷണമാണ് നടന്നത്.
പഞ്ചലോഹ വിഗ്രഹങ്ങളോ വെള്ളിയാഭരണങ്ങളോ വിലകൂടിയ വസ്തുക്കളൊന്നും എടുക്കാതെയും മറ്റ് യാതൊരു നാശനഷ്ടങ്ങൾ വരുത്താതെയും സമർഥമായി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ 15 പവൻ തിരുവാഭരണങ്ങൾ (സ്വർണം) മാത്രമാണ് എടുത്തത്.
ഇതിന്റെ തലേദിവസം കാവിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളിലും ബസ് സ്റ്റോപ്പുകളിലും ഒരു നോട്ടീസ് പ്രചരിച്ചിരുന്നു. അതായത് കാവിന്റെ പ്രവർത്തകനും ഏഴോം കുറുവാട് സ്വദേശിയും ദീർഘകാലം പ്രവാസിയുമായ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്ന വാർത്തകളായിരുന്നു അതിലെ ഉള്ളടക്കം.
ഇദ്ദേഹം വിദേശത്ത് പോകുന്നതിന് മുന്നേ കൂർമ്പകാവിലെ സ്വർണം മോഷ്ടിച്ചവനായിരുന്നു എന്നും ഇവനെ സൂക്ഷിക്കുകയെന്നുമാണ് അതിൽ ചുരുക്കം.
കൂടാതെ കഴിഞ്ഞവർഷം മോഷണത്തെസംബന്ധിച്ച വിവരങ്ങൾ ചേർത്ത് ഒരു ഊമക്കത്ത് കാവിന്റെ സെക്രട്ടറിക്ക് വന്നിരുന്നു. അതിൽ ആഭരണ മോഷ്ടാവിനെ എനിക്ക് അറിയാമെന്നും പോലീസിലും രാഷ്ട്രീയത്തിലുമുള്ള ഉന്നതൻമാരുമായി ബന്ധമുള്ളവരാണ് ഇതിന്റെ പിന്നാമ്പുറത്ത് എന്നതുമാണ് കത്തിലെ ഉള്ളടക്കം.
എന്നാൽ ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും ആ രീതിയിലൊന്നും അന്വേഷണം നടത്തിയിട്ടില്ല. ആദ്യത്തെ നോട്ടീസും രണ്ടാമത്തെ ഊമക്കത്തും ആരുടെ സൃഷ്ടിയെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതും ഇതിലെ പ്രധാന കാര്യമാണ്.
ആദ്യം പ്രചരിച്ച നോട്ടീസും അതേ രാത്രിയിലെ മോഷണവും പിന്നീടുള്ള ഊമക്കത്തും എല്ലാം കൂട്ടി ചേർക്കുമ്പോൾ ഇതിന് മോഷണവുമായി ബന്ധമുള്ളതായി തോന്നാം, എംഎൽഎ, എംപി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതികൾ നല്കിയെങ്കിലും യാതൊരു പരിഗണനയും കിട്ടാത്ത അവസ്ഥയിൽ വിഷയം സജീവമാക്കുവാനും മറ്റ് സമരപരിപാടികൾ നടത്തുവാനും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും തീരുമാനമെടുത്തിരിക്കയാണ്.