പാമ്പാടി: വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പില്‍ പുത്തന്‍പുരയില്‍ പി.എസ്. ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്പതേകാല് പവന് സ്വര്‍ണവും 9,800 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഇവരുടെ ഇടവക പള്ളിയായ കൂരോപ്പട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം രാത്രി ഏഴിന് പള്ളിയില്‍ പോയിരുന്നു.
തുടര്‍ന്ന് പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 11നു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ആറടി പൊക്കമുള്ള ചുറ്റുമതില്‍ കടന്ന് വീടിന്റെ പിന്‍ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓടാമ്പലും പട്ടയുമുള്ള കതക് താഴിട്ടാണ് പൂട്ടിയിരുന്നത്.
ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് മോഷണം നടത്തിയതെന്ന് ജോണ്‍ പറഞ്ഞു. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.