കൂത്തുപറമ്പ്: സ്റ്റേഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളെയും സിസിടിവി കാമറാ വലയത്തിലാക്കാനുള്ള പദ്ധതിയുമായി കണ്ണവം പോലീസ്. എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലായി നൂറോളം കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനത്തിനാണ് പോലീസ് തുടക്കമിട്ടിരിക്കുന്നത്.
സ്റ്റേഷൻ പരിധിയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷം കണക്കിലെടുത്താണ് സ്റ്റേഷൻ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും കാമറക്കണ്ണിലാക്കുന്നത്. സംഘർഷ സാധ്യതാ മേഖലകൾക്ക് മുൻഗണന നല്കി വിവിധ പ്രദേശങ്ങളിലായി നൂറോളം കാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ഇരുപത് കാമറകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
സ്റ്റേഷൻ പരിധിയിലെ പ്രധാന ടൗണുകളായ മാനന്തേരി, ചിറ്റാരിപ്പറമ്പ്, പൂവത്തിൻ കീഴിൽ, കണ്ണവം, ചെറുവാഞ്ചേരി, തൊടീക്കളം, കോളയാട്, എന്നിവിടങ്ങളിലും ജംഗ്ഷനുകൾ, ബസ് ഷെൽട്ടറുകൾ, സ്കൂൾ പരിസരം, വിവിധ പാർട്ടി ഓഫീസുകളുടെ പരിസരം തുടങ്ങിയ സ്ഥലങ്ങളിലും കാമറ സ്ഥാപിക്കും.
ഓരോ ടൗണുകളിലും പത്തിലേറെ കാമറകൾ സ്ഥാപിക്കും. ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ നടക്കുമ്പോൾ ഇവിടങ്ങളിൽ താത്കാലിക കാമറ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് നടന്ന വേളയിൽ പരീക്ഷണാടിസ്ഥാനത്തിൽ പോലീസ് ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.
വ്യാപാരി സംഘടനകൾക്ക് പുറമെ അതാത് പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി വ്യവസായി ആയ പൂവത്തിൻകീഴിലെ അബു സക്കറിയ പദ്ധതിക്ക് മികച്ച സഹായം നല്കിയിട്ടുണ്ട്. ഒരു മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും തടയിടാനും ലക്ഷ്യമിട്ടാണ് കാമറകൾ സ്ഥാപിക്കുന്നതെന്ന് കണ്ണവം എസ് ഐ കെ.വി.ഗണേഷ് പറഞ്ഞു.