‘ഞങ്ങളോട് ഒന്നും തോന്നരുത് ദിലീപ് പറഞ്ഞിട്ടാണ് നിങ്ങള്‍ക്ക് അവസരം തരാത്തത്’; ഇത്രയൊക്കെയായിട്ടും തനിക്കും തന്റെ കുടുംബത്തിനും ദിലീപിനോട് ഇല്ലാത്ത വൈരാഗ്യം നിങ്ങള്‍ക്കെന്തിനെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍

jaya600നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി സിനിമാതാരങ്ങളാണ് അനുദിനം രംഗത്തു വരുന്നത്. ഇപ്പോള്‍ ദിലീപുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്  തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് പ്രശസ്ത ഹാസ്യ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രനാണ്.

കുട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ…

പ്രിയപ്പെട്ട മലയാളികളോട് പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ആണ് ഞാന്‍ പറയുന്നത്. പറയണ്ട എന്ന് കരുതിയതാണ്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് എന്നോട് തന്നെ ചെയ്യുന്ന ദ്രോഹമാണ്. പ്രിയപ്പെട്ട ദിലീപേട്ടനെക്കുറിച്ച് തന്നെയാണ് എനിക്ക് പറയാനുള്ളത്. എന്റെ ആദ്യ ചിത്രമായ ‘ ചിരിക്കുടുക്ക’ മുതല്‍ സൂപ്പര്‍ താരം ദിലീപ് എന്നെ ദ്രോഹിക്കുന്നതായി പല സ്ഥലങ്ങളില്‍ നിന്നും എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ചില മീഡിയകളിലും കേട്ടു. അത് എനിക്കും അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളും പല സിനിമകളില്‍ എനിക്ക് കിട്ടിയിരുന്നു. ആ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ശ്രദ്ധേയനായ ഒരു നടന്‍ ആകുമായിരുന്നു. ആ സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം പറഞ്ഞത് ദിലീപ് പറഞ്ഞിട്ടാണ് നിങ്ങള്‍ക്ക് അവസരം തരാത്തത് എന്നാണ്. ഞങ്ങളോട് ഒന്നും തോന്നരുത് എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് പല സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും എനിക്കും അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് .

അതില്‍കൂടി എനിക്ക് സംഭവിച്ചത് എന്റെ സ്വപ്നങ്ങളാണ് എന്റെ സിനിമാസങ്കല്‍പങ്ങളും സിനിമയിലെ  അവസരങ്ങളും ഇല്ലാതായി.സ്വാഭാവികമായും നിങ്ങള്‍ക്കറിയാം സാമ്പത്തികമായ പ്രതിസന്ധിബുദ്ധിമുട്ടുണ്ടായി.അതിനുശേഷം ദിലീപ് എന്ന വ്യക്തിയെ നേരില്‍ കാണുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തോട് തുറന്നു ഞാന്‍ ചോദിച്ചു ‘നിങ്ങളാണോ എന്റെ കുറേ അവസരങ്ങള്‍ കളഞ്ഞത്’ അപ്പോള്‍ ആദ്രമായ മനസോടെയാണ് ഉത്തരം പറഞ്ഞത്. ഞാന്‍ പറഞ്ഞു ഒരിക്കലും ദിലീപേട്ടന്‍ അതോര്‍ത്ത് വിഷമിക്കരുത്. കാരണം എനിക്ക് ഒരു വൈരാഗ്യവുമില്ല. സന്തോഷമേ ഉള്ളൂ. ദിലീപിനെപ്പോലെ ഇത്രയും കഴിവുള്ള നടന്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ എന്റെ കഴിവിനെ ബഹുമാനിക്കുകയും അംഗീകരിക്കുയും ചെയ്യുന്നതുകൊണ്ടാണ് .അത് എനിക്ക് പോസിറ്റീവ് എനര്‍ജിയാണ് തരുന്നത്.

അതുമാത്രമല്ല എല്ലാവരും അവരവരുടെ നിലനില്‍പ്പിനുവേണ്ടി ചെയ്യാറുണ്ട് . എനിക്കും അങ്ങനെ തോന്നിയേക്കാം വലിയൊരു സ്ഥാനത്തെത്തുമ്പോള്‍ . തുറന്ന മനസോടെ ദിലീപേട്ടനോട് പറഞ്ഞ അന്നു മുതല്‍ എന്നെ ആത്മാര്‍ഥ സുഹൃത്താക്കി എന്നെ കൂടെക്കൊണ്ടു നടക്കുകയാണ്. എനിക്കറിയാം ദിലീപേട്ടന്റെ മനസ്.തുറന്നു പറയുന്ന ഒരാളെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ഒന്നും കഴിയില്ല. അതുപോലെ വലിയ മനസുള്ള ആള്‍ക്കേ കഴിയൂ. ഇപ്പോള്‍ പലരും പറയുന്നത് കേട്ടു ദിലീപ് കൂവി, കല്ലെറിഞ്ഞു ഞങ്ങളുടെ പടങ്ങള്‍ നശിപ്പിച്ചു എന്നൊക്കെ പക്ഷേ അവര്‍ക്കാര്‍ക്കും സിനിമ ഇല്ലാതെയോ പണമില്ലാത്തതായോ അവസ്ഥയില്ല. അവരൊക്കെ താരങ്ങള്‍ തന്നെയാണ്. കോടിക്കണക്കിന് രൂപയുമുണ്ട്. എന്നെപ്പോലെയല്ല.  ഈ പ്രതിസന്ധികള്‍  തരണം ചെയ്യാനുള്ള കുതന്ത്രങ്ങളും കുബുദ്ധിയും അവര്‍ക്കും അറിയാം. ദിലീപിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല.

ഇപ്പോള്‍ ഇവിടെ പറയുന്നത് എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം ദിലീപേട്ടനോട് ആര്‍ക്കും തോന്നേണ്ടകാര്യം ഇല്ല. അങ്ങനെ ദിലീപ് മൂലം ജീവിതം തകര്‍ന്ന ആളുകള്‍ വരട്ടെ രംഗത്തേക്ക് . ഞാന്‍ തുറന്ന് ചോദിച്ചപ്പോള്‍ അംഗീകരിക്കാനും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താനും കാണിച്ച ദിലീപിന്റെ മനോഭാവത്തെ ഞാന്‍ ഒരിക്കലും മറക്കില്ല.
ഞാന്‍ ദിലീപിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരിക്കലും സൂപ്പര്‍സ്റ്റാറിന്റെ വീട്ടില്‍ ചെല്ലുന്ന പ്രതീതി തോന്നിയിട്ടില്ല. വളരെ സ്‌നേഹം നിറഞ്ഞ ഒരു പാവം അമ്മ, സഹോദരങ്ങള്‍ അങ്ങനെ കഴിയുന്നൊരു മനുഷ്യനാണ്. എനിക്ക് ഒന്ന് വിളിക്കാന്‍, വിഷമങ്ങള്‍ പറയാന്‍ ഇപ്പോള്‍ പടങ്ങളില്ല എന്ന് തുറന്ന് പറയാന്‍ കഴിയുന്ന ഒരേയൊരു സൂപ്പര്‍സ്റ്റാറാണ് ദിലീപേട്ടന്‍.

ഞാന്‍ പല സൂപ്പര്‍താരണങ്ങളുടെ അടുത്ത് പോയി അവസരങ്ങള്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഒരു അവസരവും തന്നിട്ടില്ല. ഞാന്‍ അവരോട് ചോദിച്ചത് വലിയ താരമാകാനുള്ള അവസരമല്ല ജീവിച്ച് പോകാന്‍ ചെറിയ ചെറിയ വേഷങ്ങള്‍ക്ക് വേണ്ടിയാണ്. ആ പടങ്ങളില്‍ അഭിനയിച്ചാല്‍ കിട്ടുന്ന സ്‌റ്റേജ് ഷോകള്‍. പക്ഷേ ആരും എന്നെ സഹായിച്ചില്ല. അത് ചെയ്തത് ദിലീപ് മാത്രമേ ഉള്ളൂ. ദിലീപുമായി മുന്‍ പരിചയമൊന്നുമില്ല. എന്റെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ ആളാണ്. ആ ദിലീപ് ചെറിയ റോളുകളില്‍ അദ്ദേഹത്തിന്റെ പടത്തില്‍ എന്നെ വിളിച്ചു കൂടെ നിര്‍ത്തി. അതുകൊണ്ടാണ് മലയാള സിനിമയുടെ മൂവി ക്യാമറ എനിക്ക് പിന്നീട് കാണാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ഞാന്‍ ഒരിക്കലും കാണില്ല. ആ ദിലീപ് ഇനിയില്ലെങ്കില്‍ എനിക്കൊരു ജീവിതമില്ല. ഒരിക്കലും സിനിമാലൊക്കേഷന്‍ കാണില്ല എന്നുറപ്പുണ്ട്. എനിക്ക് ആരുമില്ല സഹായിക്കാനും എന്നെ മനസിലാക്കാനും. അതിനാല്‍ ഇത് തുറന്ന് പറയുന്നതിന് എനിക്ക് ആരുടേയും അനുവാദമോ, ആരേയും നോക്കേണ്ട കാര്യവുമില്ല.

അതുപോലെ തന്നെയാണ് ആക്രമണം നേരിട്ട ചലച്ചിത്ര നടിയെ ‘ഇര’ എന്ന് പറയുന്നത്. ആ വാക്ക് തന്നെ ഉപേക്ഷിക്കേണ്ടതാണ്. നമ്മുടെ അമ്മയ്‌ക്കോ സഹോദരിക്കോ ഇതൊക്കെ സംഭവിച്ചാല്‍ നമ്മള്‍ അവരെ ഇര എന്നൊന്നും പറയില്ല. ഇതുവരെ അവര്‍ ദിലീപ് എന്ന പേര് പറഞ്ഞിട്ടില്ല .ഇപ്പോള്‍ നേരിടുന്ന ക്രൂരതയ്ക്ക് അര്‍ഹമായ ഒരു തെറ്റും ദിലീപേട്ടന്‍ ചെയ്യില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അത്രയ്ക്ക് അടുത്തറിയാം. ആര്‍ദ്രമായ മനസുള്ള ആളാണ്.

എനിക്കുള്ള ഭയം എന്തെങ്കിലും അവിവേകം കാണിച്ചുപോകുമോ എന്ന് കുറച്ച് ദിവസങ്ങളായിട്ട് ഭയന്ന് കഴിയുന്ന ആളാണ് ഞാന്‍. അദ്ദേഹം ജയിലില്‍ നിന്ന് വരുന്നതുവരെ ഞാനും എന്റെ കുടുംബവും കാത്തിരിക്കും. ദിലീപ് ജയിലില്‍ വെറും നിലത്ത് കിടന്നുറങ്ങുമ്പോള്‍ ഞാനും എന്റെ കുടുംബവും അതു തന്നെ ചെയ്യും. അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇത്രയും നല്ല ഹൃദയമുള്ള മലയാള സിനിമയില്‍ മറ്റാരുമില്ല. പ്രേക്ഷകര്‍ കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ദിലീപ് തിരിച്ചുവരും, കാരണം അദ്ദേഹം ജനപ്രിയനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ’ ഇങ്ങനെ പറഞ്ഞ് ജയചന്ദ്രന്‍ വീഡിയോ അവസാനിപ്പിക്കുന്നു.

Related posts