കൂട്ടിക്കൽ: കാവാലി ഗ്രാമം ഇത്ര ഹൃദയവേദനയോടെ ഒരു സംസ്കാരചടങ്ങിനും ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ല. ഉള്ളുരുകും വേദനയിൽ കാവാലിക്കുന്നിലെ ഓരോ നിമിഷവും ഹൃദയഭേദകമായിരുന്നു.
കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി (45), മക്കളായ സ്നേഹ (14), സോന (12), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കാവാലി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു.
ദേവാലയവുമായി ഇഴചേർന്നു നിന്നിരുന്ന ഈ കുടുംബം ഇന്നലെ ചേതനയറ്റ് അന്ത്യയാത്രയ്ക്കായി വീണ്ടും ദേവാലയത്തിലെത്തി.
ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചുമൊക്കെ ജീവിച്ച ആ ആറുപേരുടെ നിത്യനിദ്ര രണ്ടു കല്ലറകളിലായാണ് ക്രമീകരിച്ചത്.
ജീവിതത്തിലും മരണത്തിലും ഒന്നിച്ചുള്ള യാത്ര. ഉണ്ടുറങ്ങിയ വീട് ഉരുൾ തകർത്തെറിഞ്ഞപ്പോൾ ഒന്നിച്ചിരുന്ന കുടുംബമാണ് ഇല്ലാതായത്.
ഉരുൾപൊട്ടലിൽ വീടൊന്നാകെ ഒലിച്ചുപോയതിനാൽ അവസാന യാത്രയ്ക്കായി മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കാനുമായില്ല.ശനിയാഴ്ച ഉച്ചയോടെയാണ് മാർട്ടിനും കുടുംബവും അപകടത്തിൽപ്പെട്ടത്.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെയും കാർമികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.