മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ആറുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി.
കുട്ടികളടക്കം മൂന്നു പേരെ കണ്ടെത്താനായില്ല. കൂട്ടിക്കൽ കാവാലി വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (അച്ചാമ്മ-73), മകൻ മാർട്ടിന്റെ ഭാര്യ സിനി (35), സിനിയുടെ മകൾ സോന (11) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്.
മാർട്ടിൻ (റോയി-47), മറ്റു മക്കളായ സ്നേഹ (13), സാന്ദ്ര (ഒന്‍പത്) എന്നിവർക്കായി ഇന്നലെ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഉരുൾപൊട്ടലുണ്ടായത്. രാവിലെ മുതൽ കനത്ത മഴയായിരുന്നതിനാൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം വിശ്രമത്തിലായിരുന്നപ്പോൾ അപ്രതീക്ഷിതമായെത്തിയ ഉരുൾപൊട്ടലിൽ വീട് ഉൾപ്പെടെ ഒലിച്ചുപോകുകയായിരുന്നു.
ഒറ്റപ്പെട്ട പ്രദേശത്തെ ഏകവീടായിരുന്നതിനാൽ അപകടവിവരം പുറത്തറിയാൻ വൈകി.
പ്ലാപ്പള്ളിയിൽ നാലുപേരെ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇളംകാട് ടോപ്പിൽ കൂട്ടിക്കലിലെ ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികൾ ഉൾപ്പെടെ 12 പേർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. കരസേനയുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.