മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴയ്ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല. തിങ്കളാഴ്ച കരകവിഞ്ഞൊഴുകിയ പുല്ലകായാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ഇരു പുഴകളിലും ജലനിരപ്പ് ക്രമാതീതമായി വർധിച്ചു.
ഇന്നു വെളുപ്പിന് മൂന്നോടെ കൂട്ടിക്കൽ ചപ്പാത്ത് പാലം വീണ്ടും വെള്ളത്തിനടിയിലായി. രാവിലെ അഞ്ചിന് ശേഷമാണ് ചപ്പാത്തിൽ വെള്ളമിറങ്ങിയത്.
ഇതോടെ കൂട്ടിക്കൽ പഞ്ചായത്തിന്റെ മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്ന് പ്രചാരണവും വ്യാപകമായി.
ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ജനവാസ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
വെന്പാല അടക്കമുള്ള ഉൾപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായോ എന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
കടുത്ത മഴയും മൂടൽമഞ്ഞുമൂലം പ്രദേശത്തേക്ക് സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമണുള്ളത്. കനത്ത മഴയെ തുടർന്ന് കോരുത്തോട് അഴുതയാറും കരകവിഞ്ഞ് ഒഴുകുകയാണ്.
ഇതോടെ കോരുത്തോട് മൂഴിക്കൽ കോസ്വേ വെള്ളത്തിന് അടിയിലായി. മേഖലയിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു.
ആദിവാസികൾ അടക്കമുള്ള ആളുകൾ താമസിക്കുന്ന മൂഴിക്കൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
ഏത് സാഹചര്യവും നേരിടാൻ ഫയർഫോഴ്സും പോലീസും ദ്രുതകർമ്മ സേനയും മുണ്ടക്കയത്ത് ക്യാന്പ് ചെയ്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.