കാഞ്ഞിരപ്പള്ളി: കൂപ്പപ്പള്ളിയിലെ നാട്ടുകാർ റോഡിലൂടെ നടക്കാൻ ഭയമാണ്. എവിടെ നോക്കിയാലും ലഹരി സംഘത്തി ന്റെ വിളയാട്ടം.
ലഹരിക്ക് അടിമപ്പെട്ട കുട്ടിസംഘങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയമാണ്. ഇവരുടെ ചെയ്തികളെ ആരെങ്കിലും ചോദ്യം ചെയ്താൽ കൂട്ടംകൂടി മർദിക്കുന്നതാണ് ഇവരുടെ രീതി.
കുട്ടികൾക്കും സ്ത്രീകൾക്കും സന്ധ്യമയങ്ങൾ പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ. ക്രിസ്മസ് തലേന്ന് കൂവപ്പള്ളിയിൽ ലഹരിക്കടിമകളായ യുവാക്കൾ മധ്യവയസ്കനെ നടുറോഡിൽ സംഘം ചേർന്ന് ആക്രമിച്ചു.
കൂവപ്പള്ളി പേഴുംതാനം പി.എം. ജോബി (46) ആണ് ആക്രമണത്തിനിരയായത്. 24ന് രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്.
പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തിന്റെ പേരിലാണ് 20 ഓളം വരുന്ന ലഹരിസംഘം ആക്രമണം നടത്തിയത്.
മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ലഹരിസംഘംതന്നെ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് ഉൾപ്പെടെ മാരകമായി മർദനമേറ്റതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ ജോബിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.