സാൽവഡോർ: കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ചിലെ ക്വാർട്ടറിൽ. 2-1ന് ഇക്വഡോറിനെ കീഴടക്കിയാണ് ചിലെ ഗ്രൂപ്പ് സിയിൽനിന്ന് ക്വാർട്ടർ ഉറപ്പിച്ചത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചിലെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. ജോസ് പെട്രോ ഫ്യൂൻസാലിഡയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 26-ാം മിനിറ്റിൽ എന്നർ വലൻസിയയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ചിലെ ലീഡ് ഉയർത്തി. 51-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസാണ് ചിലെയുടെ വിജയഗോൾ കണ്ടെത്തിയത്.
ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളും ജയിച്ച ചിലെ ആറ് പോയിന്റുകളുമായി പട്ടികയിൽ ഒന്നാമതാണ്. നാല് പോയിന്റുള്ള ഉറുഗ്വെയാണ് രണ്ടാമത്.