ജൂണില്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്കൊപ്പം കളിക്കുമെന്ന് ടീം പരിശീലകന് ലയണല്‍ സ്കലോനി. എന്നാല്‍ ഇതേക്കുറിച്ച് മെസിയുമായി സംസാരിച്ചിട്ടില്ലെന്നും പരിശീലകന് പറഞ്ഞു.
മൊറോക്കോയില്വച്ചാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. നാഭിക്കേറ്റ പരിക്ക് ഗുരുതരമാകാതിരിക്കാന്‍ മൊറോക്കോയ്ക്കെതിരേ മെസി കളിക്കുന്നില്ല. വെള്ളിയാഴ്ച വെനസ്വേലയ്ക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 3-1ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ മെസിക്ക് മികവ് കണ്ടെത്താനായില്ല.
വെനസ്വേലയ്ക്കെതിരേയുള്ള മത്സരത്തിനുശേഷം ആ മത്സരത്തെക്കുറിച്ചു സംസാരിച്ചെങ്കിലും ഭാവി കാര്യങ്ങളെക്കുറിച്ച് ഒന്നും തങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തില്ലെന്നും സ്കലോനി പറഞ്ഞു. 1993നുശേഷം ആദ്യ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയ്ക്ക് കപ്പിനായി മെസിയെ മാത്രം ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.