മാറക്കാന: എഡിൻസണ്‍ കവാനിയുടെ ഏകഗോളിൽ ചിലിയെ തകർത്ത് ഉറുഗ്വെ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് സിയിൽ ചാന്പ്യൻമാരായാണ് ഉറുഗ്വെയുടെ ക്വാർട്ടർ പ്രവേശനം. ചിലി നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
82-ാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോൾ പിറന്നത്. ഇതോടെ ഏഴ് പോയിന്റുകളുമായി ഉറുഗ്വെ ഗ്രൂപ്പ് ചാന്പ്യൻമാരായി. രണ്ടാം സ്ഥാനത്തുള്ള ചിലിയ്ക്ക് ആറ് പോയിന്റാണ് ഉള്ളത്.ഇതോടെ ഉറുഗ്വെ ക്വാർട്ടർ ഫൈനലിൽ പെറുവിനെ നേരിടും. ശനിയാഴ്ചയാണ് ക്വാർട്ടർ. ചിലി ക്വാർട്ടറിൽ കോളംബിയയെ നേരിടും.
അതേസമയം ഗ്രൂപ്പ് സിയിലെ ഇക്വഡോർ-ജപ്പാൻ മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ ഇരു ടീമുകളും ക്വാർട്ടർ കാണാതെ പുറത്തായി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജപ്പാൻ 15-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. ഷോയ നകജിമയാണ് ജപ്പാന്റെ ഗോൾ സ്കോറർ. 35-ാം മിനിറ്റിൽ എയ്ഞ്ചൽ മിനയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. പിന്നിട് ഗോളിനായി ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ജപ്പാൻ. ഒരു പോയിന്റുള്ള ഇക്വഡോർ നാലാം സ്ഥാനത്തും.