സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് സിയിലെ അവസാന മത്സരങ്ങളിൽ ഉറുഗ്വെ 1-0ന് നിലവിലെ ചാന്പ്യന്മാരായ ചിലിയെ പരാജയപ്പെടുത്തുകയും ഇക്വഡോറും ജപ്പാനും 1-1 സമനിലയിൽ പിരിയുകയും ചെയ്തതോടെയാണിത്.
ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടക്കാമെന്ന അനുകൂല സാഹചര്യത്തിൽ കളിക്കാനിറങ്ങിയ ജപ്പാൻ സമനിലയിൽ കുരുങ്ങി പുറത്തായി. അതോടെ ഗ്രൂപ്പ് ചാന്പ്യന്മാരായി ഉറുഗ്വെയും രണ്ടാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലേക്കു മുന്നേറി.
82-ാം മിനിറ്റിൽ എഡിസണ് കവാനിയാണ് ചിലിക്കെതിരേ ഉറുഗ്വെയുടെ ജയം കുറിച്ച ഗോൾ നേടിയത്. മികച്ച മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് എയിൽനിന്ന് പെറുവും (നാല് പോയിന്റ്) ഗ്രൂപ്പ് ബിയിൽനിന്ന് പരാഗ്വെയും (രണ്ട് പോയിന്റ്) ക്വാർട്ടറിൽ കടന്നു.
ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനക്കാരായ ജപ്പാനും രണ്ട് പോയിന്റ് ആയിരുന്നെങ്കിലും ഗോൾ വ്യത്യാസത്തിൽ പരാഗ്വെയ്ക്കായിരുന്നു മുൻതൂക്കം. വെള്ളിയാഴ്ച മുതൽ ക്വാർട്ടർ പോരാട്ടങ്ങൾ തുടങ്ങും. ആദ്യ ക്വാർട്ടറിൽ ആതിഥേയരായ ബ്രസീൽ പരാഗ്വെയെ നേരിടും.