പൂമരംകൊണ്ട് കപ്പലുണ്ടാക്കിയ കഥ മലയാളക്കര പാടുമ്പോള്‍ സ്വപ്നങ്ങള്‍കൊണ്ട് കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഉണ്ടാക്കിയ കഥയാണ് കായികപ്രേമികള്‍ പാടുന്നത്. ഐഎസ്എല്‍ മൂന്നാം സീസണിന്റെ തുടക്കത്തില്‍ ഏറ്റവും മോശമായ ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എടുത്തുപറയാന്‍ തക്ക ഒരു താരം പോലും ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ വിധിയാണ് ഇത്തവണയും മഞ്ഞപ്പടയെ കാത്തിരിക്കുന്നതെന്ന് ആരാധകര്‍ പോലും വിശ്വസിച്ചു പോകുന്ന തുടക്കമായിരുന്നു ആദ്യമത്സരങ്ങളില്‍ ടീം പുറത്തെടുത്തതും.
മറ്റെല്ലാ ടീമുകളും യൂറോപ്പിലും മറ്റും പോയി പരിശീലിച്ചു. ചെറിയ ഒരു ടൂര്‍ ഒഴിച്ചാല്‍അത്തരത്തിലൊരു മുന്നൊരുക്കവും ബ്ലാസ്‌റ്റേഴ്‌സിനില്ലായിരുന്നു. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നത് യഥാര്‍ഥ പോരിലായിരുന്നു. ചാരത്തില്‍നിന്ന് ഉയര്‍ന്നു വന്ന സംഘമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഐഎസ്എല്‍ ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ അത് സ്റ്റീവ് കോപ്പല്‍ എന്ന ഇംഗ്ലീഷ് തന്ത്രജ്ഞന്റെ പ്രതിഭ ഒന്നുകൊണ്ടാണ്. ശരാശരിക്കാരായ താരങ്ങളെ കഠിനാധ്വാനികളായ ഒരു സംഘമാക്കി മാറ്റുന്നതില്‍ കോപ്പല്‍ 100 ശതമാനവും വിജയിച്ചു.
സൈഡ് ലൈനിനു വെളിയില്‍ ദേഷ്യപ്പെട്ടും അലറിവിളിച്ചും നില്‍ക്കുന്ന പരിശീലകരെ കണ്ടു ശീലിച്ചവര്‍ക്കു കോപ്പല്‍ ഒരു അദ്ഭുതമായി മാറുകയാണ്. തോല്‍വിയായാലും ജയമായാലും കോപ്പലിന്റെ മുഖത്ത് ഒരു ഭാവമാറ്റവും വരില്ല. ക്ഷുഭിതനായി ഒരിക്കല്‍പ്പോലും കോപ്പലിനെ സൈഡ് ബഞ്ചില്‍ കണ്ടിട്ടുമില്ല. പക്ഷേ അദ്ദേഹം കണക്കുകൂട്ടിയിടത്തു തന്നെ കാര്യങ്ങള്‍ അവസാനിച്ചു. കൃത്യമായ ഗെയിം പ്ലാനോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഓരോ കളിയിലും ഇറങ്ങിയിരുന്നത്.
വ്യത്യസ്തമായ റോളുകള്‍ ഓരോരുത്തര്‍ക്കും നല്‍കിക്കൊണ്ടിരുന്നു, അതിന് ഏറ്റവും മികച്ച ഉദാഹരണം ഹോസു കുറിയാസാണ്. വിംഗറായി തിളങ്ങിയിരുന്ന ഹോസുവിന് ഈ സീസണില്‍ ആ പൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഒരു തവണമാത്രം. ലെഫ്റ്റ് വിംഗ്ബാക്ക് സ്ഥാനത്തു ആളില്ലാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഹോസു അവിടേക്കു മാറി. ഫലം, സീസണിലെ ഏറ്റവും മികച്ച ലെഫറ്റ് വിംഗ്ബാക്കായി ഹോസു. സ്റ്റീവ് കോപ്പല്‍ എത്രമാത്രം ടീമിനെയും കളിക്കാരെയും മനസിലാക്കിയതെന്നുള്ള തെളിവാണ് ഈ പൊസിഷന്‍ മാറ്റം. അതുപോലെ ഓരോ കളിക്കാരനെയും മനസിലാക്കിക്കൊണ്ട് കോപ്പല്‍ തന്ത്രങ്ങളുടെ കപ്പലില്‍ കയറ്റി.
ആ 11 പേരും…
ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ വരെയുള്ള യാത്രയെ രണ്ടാക്കി വിഭജിക്കാം. ബംഗളുരു എഫ്‌സിയില്‍ നിന്നും സി.കെ. വിനീത് വരുന്നതിനു മുമ്പും ശേഷവും. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ അത്രമാത്രം വ്യത്യാസം കൊണ്ടുവരാന്‍ വിനീതിനു കഴിഞ്ഞു.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഉപയോഗിക്കുന്ന 4–4–2 എന്ന ശൈലിയില്‍ ടീമിനെ വിന്യസിക്കാന്‍ ഇഷ്ടപ്പെടുന്ന കോപ്പലിനു എതിര്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ വേഗതയുള്ള ഒരു സ്‌െ്രെടക്കര്‍ വേണമായിരുന്നു. ആ സ്ഥാനത്തേക്കായിരുന്നു വിനീതിന്റെ വരവ്. റാഫി, മൈക്കല്‍ ചോപ്ര തുടങ്ങിയവര്‍ക്ക് തിളങ്ങാനാവാതെ പോയ വേഷത്തില്‍ വിനീത് നന്നായി ആടിത്തിമിര്‍ത്തു.
പ്രതിരോധമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആയുധം. ആരോണ്‍ ഹ്യുസ് സെഡറിക് ഹെങ്ബര്‍ട്ട് എന്നീ അതികായന്‍മാര്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ അണിനിരന്നപ്പോള്‍ ജിങ്കനും ഹോസുവും ഇരുവശങ്ങളില്‍ കൂടിയുള്ള ആക്രമണങ്ങളെ ചെറുത്തു. സെമിയുടെ രണ്ടാംപാദത്തില്‍ ഡല്‍ഹിയുടെ വിജയത്തെ തടഞ്ഞതില്‍ നിര്‍ണായകമായിരുന്നു ജിങ്കന്റെ പ്രകടനം.
തുടക്കത്തില്‍ മങ്ങിയെങ്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സ്ഥാനം മെഹ്താബ് ഹുസൈന്‍ പിന്നീട് ഭംഗിയായി നിര്‍വഹിച്ചു. അത് ഏറ്റവും പ്രകടമായത് ഡല്‍ഹി ഡൈനാമോസിനെതിരേയുള്ള രണ്ടാംപാദ സെമിയിലായിരുന്നു. മുന്‍നിരയിലേക്കു കുതിച്ചെത്തിയ ഡല്‍ഹി താരം ഫ്‌ളോറന്റ് മലൂദയെ തളച്ചിട്ടത് മെഹ്താബിന്റെ കാലുകളാണ്. നാസണും ബെല്‍ഫോര്‍ട്ടും മധ്യനിരയില്‍നിന്നും പന്തുമായി കുതിച്ച് എതിര്‍ ബോക്‌സില്‍ പരിഭ്രാന്തി സൃഷ്ടിച്ചു കൊണ്ടിരുന്നു.
എന്തൊരു ഭംഗി..!
അഞ്ചു ഗോളുകള്‍ കുറിച്ചു ബ്ലാസ്‌റ്റേഴ്‌സിന്റെയും ഐഎസ്എല്‍ മൂന്നാം സീസണില്‍ കൂടുതല്‍ ഗോളടിച്ച ഇന്ത്യന്‍ താരങ്ങളുടെയും പട്ടികയില്‍ ടോപ് സ്‌കോററാണ് മലയാളിയായ സി.കെ. വിനീത്. ബെല്‍ഫോര്‍ട്ട് മൂന്നു ഗോളുകള്‍ നേടിയപ്പോള്‍ ഡക്കന്‍സ് നാസോണ്‍ രണ്ടു വട്ടം വലകുലുക്കി. മൂന്നു വീതം അസിസ്റ്റുമായി ഹോസുവും ഹെങ്ബര്‍ട്ടും കളം നിറഞ്ഞു കളിച്ചു.
ഏറ്റവും കൂടുതല്‍ തവണ എതിര്‍ താരത്തെ ടാക്കിള്‍ ചെയ്തു പന്ത് സ്വന്തമാക്കിയതില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫ്രഞ്ച് താരം ഹെങ്ബര്‍ട്ട് മുന്നിട്ടു നില്‍ക്കുന്നു.പ്രതിരോധത്തില്‍ ഹോസുവും ജിങ്കനും ഹ്യൂസും ഒരുപോലെ മികവു പുലര്‍ത്തിയപ്പോള്‍ ഗോളിമാരില്‍ മിന്നുന്ന സേവുകളുമായി സന്ദീപ് നന്ദിയാണ് ഗ്രഹാം സ്റ്റാക്കിനെക്കാള്‍ മികച്ചുനിന്നത്.ഇതുവരെ കേരള താരങ്ങളില്‍ ഒരാള്‍ക്കു പോലും ചുവപ്പു കാര്‍ഡ് ലഭിച്ചില്ലെന്നുള്ളത് കോപ്പലിന്റെ ഫെയര്‍ പ്ലേ ശൈലിയുടെ ഉദാഹരണമാണ്.
അഞ്ചു മഞ്ഞക്കാര്‍ഡ് ലഭിച്ച മെഹ്താബും നാലെണ്ണം കിട്ടിയ ഹോസുവുമാണ് ഇക്കാര്യത്തില്‍ മുമ്പില്‍. 12 കളികള്‍ കളിച്ചിട്ടും ഒരു തവണപോലും കാര്‍ഡ് ലഭിക്കാത്ത മുഹമ്മദ് റാഫിയാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ഫെയര്‍ പ്ലയര്‍ വിശേഷണം അര്‍ഹിക്കുന്നത്.
കോപ്പല്‍ സ്വപ്നങ്ങളുടെ കപ്പലേറി ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്കെത്തുകയാണ്, ഞായറാഴ്ച കലാശപ്പോരിന് തന്റെ കുട്ടികളെ ഒരുക്കാന്‍.കേരളം കണ്ടതില്‍വച്ചേറ്റവും മനോഹരമായ കായികദൃശ്യത്തിനാകും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
ടിക്കറ്റില്ല: ആരാധകര്‍ക്കു പ്രതിഷേധം
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്ന് മണിക്കൂറുകള്‍ക്കകം ഫൈനല്‍മല്‍സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു. 18ന് കൊച്ചിയില്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയുമായാണ് കേരളത്തിന്റെ കൊമ്പന്മാര്‍ ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. എന്നാല്‍ ടിക്കറ്റുകള്‍ വളരെ പെട്ടെന്നു തന്നെ വിറ്റു തീര്‍ന്നത് വാസ്തവമല്ലെന്ന സംശയ വുമുയര്‍ന്നിട്ടുണ്ട്. ആരാധകര്‍ ഇന്നലെ നട്ടുച്ചയ്ക്കും ടിക്കറ്റിനായി കാത്തുനിന്നെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്നലെ പുലര്‍ച്ചയോടെയും ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ഉച്ചയോടെയുമാണ് വിറ്റു തീര്‍ന്നത്.
വേറൊരിടത്തും ടിക്കറ്റ് വില്‍പനയില്ലാത്തതിനാല്‍ മണിക്കൂറുകളോളം സ്‌റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിന് മുന്നില്‍ കാത്തുനിന്ന നിരവധി പേര്‍ക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങേണ്ടി വന്നു. ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ അനേകം വിശിഷ്ടാതിഥികള്‍ ഉണ്ടാവുമെന്നതിനാല്‍ വിഐപി സീറ്റുകളും വിവിഐപി ഭാഗത്തുള്ള ചെയര്‍ ടിക്കറ്റുകളും സംഘാടകര്‍ വെട്ടിക്കുറച്ചു. വിവിഐപി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇത്. അതിനാല്‍ 500 രൂപയുടെ വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്കുണ്ടായുള്ളൂ.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ബുധനാഴ്ച്ച രാത്രി കേരളം ഫൈനലിലെത്തിയതോടെയാണ് ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റു പോയത്. ബുധനാഴ്ച രാത്രിമാത്രം 7000 ത്തോളം ടിക്കറ്റുകളാണ് ഓണ്‍ലൈനിലൂടെ വിറ്റുപോയത്. കേരളം ജയിച്ചാല്‍ മാത്രം ടിക്കറ്റെടുക്കാമെന്ന ധാരണയില്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. ഇതിനുമുമ്പ് കോല്‍ക്കത്ത ആരാധകര്‍ പകുതിയോളം ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇന്നലെ രാവിലെയോടെ തന്നെ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്പന അവസാനിപ്പിച്ചു. ബ്ലോക്ക് ഡി, ബ്ലോക്ക് ബി ടിക്കറ്റുകള്‍ക്കു പുറമേ നേരത്തേ 200 രൂപയ്ക്കു വിറ്റിരുന്ന ഗാലറി ടിക്കറ്റുകള്‍ ഇത്തവണ 300 രൂപയ്ക്കാണ് വിറ്റത്.
ബ്ലോക്ക് എ,സി, ഇ ടിക്കറ്റുകള്‍ക്ക് 500 രൂപയായിരുന്നു വില. 500 രൂപയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ 300 രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് ഇന്നലെ ബോക്‌സ്ഓഫീസില്‍ വില്പനയ്ക്കായി വച്ചത്. എന്നാല്‍ രാവിലെ തന്നെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പ്രധാന റോഡ് വരെ ക്യൂ നീണ്ടു.
ടിക്കറ്റുകള്‍ കുറവായതിനാല്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കൂ എന്ന അധികൃതരുടെ നിലപാട് സംഘര്‍ഷത്തിനിടയാക്കി. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കാനായത്. പകുതിയോളം പേര്‍ ടിക്കറ്റ് വാങ്ങാനാവാതെ മടങ്ങി. വളരെ കുറച്ചു ടിക്കറ്റുകള്‍ മാത്രമേ വില്പനയ്ക്കു വച്ചുള്ളൂ എന്നാരോപിച്ച് ഒരുവിഭാഗം ബോക്‌സ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് പോലീസ് സംഘവും എത്തിയിരുന്നു.
കൊമ്പന്മാര്‍ ഇന്നു കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര് ലീഗ് ഫൈനലില്‍ ഞായറാഴ്ച അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയെ എതിരിടാന്‍ കേരളത്തിന്റെ കൊമ്പന്മാര്‍ ഇന്നെത്തും. പല വിമാനങ്ങളിലായി ഇന്ന് ഡല്‍ഹിയില്‍ നിന്നു താരങ്ങള്‍ കൊച്ചിയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ താരങ്ങളെല്ലാം എത്തിക്കഴിയുമെന്നാണ് സൂചന. കോല്‍ക്കത്ത ടീം നാളെയോടെ മാത്രമേ കൊച്ചിയിലെത്തൂ.