കളമശേരി: ഐഎഎസുകാരനാവാൻ മോഹിച്ചു സിവിൽസർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് വിവാദത്തിൽപെട്ട മലയാളി ഐപിഎസുകാരൻ സഫീർ കരിമിന്റെ കളമശേരിയിലെ പരിശീലന കേന്ദ്രം ഇന്നലെ തമിഴ്നാട് പോലീസ് തുറന്നു പരിശോധിച്ചു. അക്കാഡമിയുടെ കോഴ്സ് ഡയറക്ടറാണ് സഫീർ. തിരുനൽവേലി എസ്പിയായ സഫീർ ചെന്നൈയിൽ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായത്താൽ ഉത്തരമെഴുതിയതായാണു കേസ്.
കൊച്ചി സർവകലാശാലയ്ക്കു സമീപം ബർഗർ പോയിന്റിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഏറ്റവും മുകളിലെ നിലയിലെ കരിംസ് ലാ എക്സലൻസ് ഐഎഎസ് അക്കാഡമിയാണു പരിശോധിച്ചത്. പോലീസ് രാവിലെ എത്തിയപ്പോൾ സ്ഥാപനം തുറന്നിരുന്നില്ല.
ജീവനക്കാരനെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. ഈ വർഷത്തെ ബാച്ചിൽ 18 പേർ ചേർന്നിരുന്നെങ്കിലും ഏഴ് പേർ മാത്രമാണു പരിശീലനം തുടർന്നത്. വിവാദങ്ങൾക്കുശേഷം അവരും വരുന്നില്ലെന്നാണു സൂചന. കളമശേരി സ്പെഷൽ സ്ക്വാഡും പരിശോധനയിൽ തമിഴ്നാട് പോലീസിനെ സഹായിച്ചു. മഫ്ത്തിയിൽ വന്നതിനാൽ തമിഴ്നാട് പോലീസിന്റെ രഹസ്യസന്ദർശനം ആരും അറിഞ്ഞില്ല.