കോഴിക്കോട്: കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി. പീഡന വിവരം യുവതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് പങ്കുവച്ചത്. യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മതിയായ രേഖകളില്ലാതെ സിഐഎസ്എഫ് സംഘം കൊറിയന്‍ യുവതിയെ പിടികൂടിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിച്ചു.
യുവതി കോഴിക്കോട് നഗരത്തില്‍ താമസിച്ചതിനാല്‍ ടൗണ്‍ പോലീസാണ് ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇവര്‍ ഡോക്ടറോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം ഇക്കാര്യം പോലീസിനെ അറിയിച്ചു. ഡോക്ടറുടെ കൂടി മൊഴി രേഖപ്പെടുത്തിയാണ് പീഡനത്തിന് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ആര് എവിടെ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച് പീഡനം നടന്നു എന്നു മാത്രമാണ് യുവതി പറഞ്ഞിരിക്കുന്നത്. പോലീസ് ഇവരുടെ മൊഴിയെടുത്തെങ്കിലും വ്യക്തത വന്നിട്ടില്ല.
ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മാനസിക അസ്വാസ്ഥ്യം പ്രകടപ്പിച്ചതിനാല്‍ കൗണ്‍സിലിംഗിനും മറ്റുമായി മെഡിക്കല്‍ കോളജില്‍ യുവതിയെ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.