സോൾ: ബാഡ്മിന്റണ്‍ ലോകത്തിൽ സൂപ്പർ ഹീറോസായി ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പണ്‍ സൂപ്പർ 500 പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ജേതാക്കളായി.
ലോക ഒന്നാം നന്പറായ ഇന്തോനേഷ്യയുടെ ഫജർ അൽഫ്യാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ കീഴടക്കിയത്. സ്കോർ: 17-21, 21-13, 21-14. 2023 സീസണിൽ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മൂന്നാം ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം.
ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ശക്തമായി തിരിച്ചെത്തി കിരീടം സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടം ഒരു മണിക്കൂർ രണ്ട് മിനിറ്റ് നീണ്ടുനിന്നു. പുരുഷ ഡബിൾസിൽ ലോക മൂന്നാം നന്പറാണു സാത്വിക്-ചിരാഗ് കൂട്ടുകെട്ട്.
ചരിത്രനേട്ടം
കൊറിയ ഓപ്പണ്‍ ഡബിൾസ് കിരീടം സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ സഖ്യമാണ് ചിരാഗ്-സാത്വിക്. ലോക ഒന്നാം നന്പർ താരങ്ങളെ കീഴടക്കി കൊറിയ 2023 സ്വന്തമാക്കിയതോടെ മൂന്നാം റാങ്കിൽനിന്നു രണ്ടാം റാങ്കിലേക്ക് ഇന്ത്യൻ സഖ്യം വൈകാതെ എത്തും.
2023ൽ സാത്വിക്സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യം നേടുന്ന മൂന്നാമത് ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടമാണിത്. നേരത്തേ സ്വിസ് ഓപ്പണ്‍ 300, ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പർ 1000 എന്നിവയും ഇന്ത്യൻ സഖ്യം നേടിയിരുന്നു.
ഇതിനൊപ്പം 2023 ഏഷ്യൻ ചാന്പ്യൻഷിപ്പിലും സാത്വിക്-ചിരാഗ് സഖ്യം സ്വർണം സ്വന്തമാക്കി. ഇതിനെല്ലാം പുറമേ ലോകത്തെ ഏറ്റവും വേഗമേറിയ ബാഡ്മിന്റണ്‍ ഷോട്ട് എന്ന നേട്ടത്തിൽ സാത്വിക്സായ് രാജ് എത്തിയിരുന്നു. 565 കിലോമീറ്റർ വേഗത്തിൽ ഷോട്ട് പായിച്ചായിരുന്നു സാത്വിക് ഗിന്നസ് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.