കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ക്രമസമാധാനപാലനത്തിനും സൈബർ സുരക്ഷയ്ക്കും മുൻതൂക്കം നൽകുമെന്ന് പുതുതായി ചുമതലയേറ്റ സിറ്റി പോലീസ് കമ്മീഷണർ കോറി സഞ്ജയ്കുമാര് ഗുരുഡിന്. ഓപ്പറേഷൻ ഇടിമിന്നൽ, വാർ ഓൺ ഡ്രഗ്സ്, ഓപ്പറേഷൻ സ്വസ്തി, കണക്ട് കോഴിക്കോട്, നിഴൽപോലീസ് എന്നീ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ മുന്തിയ പരിഗണന നൽകുമെന്നും കമ്മീഷണർ ദീപികയോടു പറഞ്ഞു.
നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗതം നേരെയാക്കുകയാണ് ആദ്യ ദൗത്യം. നടുറോഡിൽ ബസ് നിർത്തുക, സീബ്ര ക്രോസിംഗിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതിരിക്കുക, ഓട്ടോറിക്ഷകൾ പെട്ടെന്ന് വെട്ടിത്തിരിക്കുക, ഇടതുവശത്തുകൂടിയുള്ള മറികടക്കൽ, വൺവേ തെറ്റിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും.
വിദ്യാർഥികളോടും സ്ത്രീകളോടും മോശമായി പെരുമാറുന്ന ബസ്ജീവനക്കാരെ നിലയ്ക്കുനിർത്തും. സദാ തിരക്കനുഭവപ്പെടുന്ന പാളയം, പാലാഴിയിലെ ഹൈലൈറ്റ്മാൾ പരിസരം തുടങ്ങിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂം പോലീസ്, നൈറ്റ് പട്രോളിംഗ് എന്നിവർ ഇനി സദാ റോഡിലുണ്ടാകും. ഗതാഗതക്കുരുക്ക് ഇല്ലാതാക്കി അപകടം കുറയ്ക്കുകയാണ് പ്രധാന ദൗത്യം.
എപ്പോഴും തിരക്കനുഭവപ്പെടുന്ന പോയിന്റുകൾ കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്. ട്രാഫിക് പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും. സ്റ്റോപ് ലൈൻ, സീബ്രാക്രോസിംഗ് എന്നിവ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും. സ്കൂൾ സമയങ്ങളിൽ റോഡുമുറിച്ചുകടത്താൻ എല്ലാ സ്കൂളുകൾക്കു മുന്നിലും പോലീസ് സാന്നിധ്യം ഉറപ്പാക്കും.
സ്കൂളിൽ പോകാതെ മാളുകളിലും മറ്റും കറങ്ങി നടക്കുന്ന വിദ്യാർഥികളെയും അവരുടെ പിന്നാലെ കൂടുന്ന പൂവാലന്മാരേയും പിടികൂടാൻ സംവിധാനമുണ്ടാകും. പഠിച്ചശേഷം ഓപ്പറേഷൻ ഇടിമിന്നൽ വൈകാതെ പുനഃസ്ഥാപിക്കും.
ക്രമസമാധാനപാലനം മെച്ചപ്പെടുത്തും. എന്ത് പ്രശ്നം ഉണ്ടായാലും ഉടനടി അവിടെ പോലീസിനെ എത്തിക്കാൻ ഇനി സംവിധാനമുണ്ടാകും. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
ക്രൈം ഇൻവെസ്റ്റിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകും. സൈബർ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് തെളിയിക്കുന്നതിനും മുൻഗണന നൽകും.സൈബർ സുരക്ഷയെക്കുറിച്ച് നിരവധി സ്കൂളുകളിലും കോളജുകളിലും ക്ലാസ് എടുത്തിട്ടുണ്ട്. അത് ഇവിടെയും തുടരും.
ആവശ്യമുള്ള സ്കൂളുകൾക്കോ കോളജുകൾക്കോ റസിഡൻസ് അസോസിയേഷനോ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെടാമെന്നും കമ്മീഷണർ പറഞ്ഞു.
നഗരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഇന്നലെ നഗരപരിധിയിലെ ഓഫീസർമാരുടെ യോഗം വിളിച്ചുചേർത്തു.