മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞിട്ട് നാലു വർഷം തികയുന്പോഴും സംരക്ഷണത്തിനായി ഒന്നും ചെയ്യാതെ അധികൃതർ. 2015 ജൂലൈയിലാണ് എംസി റോഡിലേക്ക് വെള്ളൂർക്കുന്നം കോർമല ഇടിഞ്ഞത്. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു.
നഗരത്തെയാകെ മുൾമുനയിലാക്കി രാത്രിയിലാണ് കോർമല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോർമലയിൽ മഴ ശക്തിയായാൽ മണ്ണിടിച്ചിൽ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷാ നടപടികളൊന്നും എടുത്തിട്ടില്ല. പ്രദേശത്താകെ ഭീഷണി നിലനിർത്തിക്കൊണ്ട് കൂറ്റൻ ജല സംഭരണിയും മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്.
അപകട ഭീഷണി മുന്നിൽകണ്ട് ടാങ്കിന്റെ സംഭരണശേഷി കുറച്ചിരുന്നു. വെള്ളം കൂടുതൽ സമയം ടാങ്കിൽ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോൾ വിതരണം ചെയ്യുകയാണ് നിലവിൽ. മണ്ണിടിച്ചിലിനെ തുടർന്നു റവന്യൂ, ജല അഥോറിറ്റി, ജിയോളജി വകുപ്പ് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. അന്നത്തെ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുംവേണ്ട റിപ്പോർട്ടും പദ്ധതിയും അധികൃതർക്കു സമർപ്പിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
കോർമലയ്ക്കു സംരക്ഷണഭിത്തി ഉടൻ നിർമിക്കുമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്കു സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവർ ഇപ്പോഴും ജീവൻ പണയപ്പെടുത്തി കോർമലയിൽതന്നെ കഴിയുകയാണ്. മഴ കനത്തതോടെ ഇനിയും കോർമല ഇടിയുമോയെന്ന ആശങ്ക വർധിക്കുകയാണ്.