കോട്ടയം: കോടങ്കയത്തിനും പട്ടാളക്കുന്നിനും അരികെ അഴുതയാർ നീന്തിയെത്തി കൃഷിയിടം കുത്തിമറിക്കാൻ കാത്തുനിൽക്കുന്നത് ഒന്നോ ഒൻപതോ അല്ല, 15 കാട്ടാനകളാണ്. ഓരോ ദിവസവും കൂടുതൽ ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് കലിതുള്ളി കയറിവരുന്പോൾ തുരത്താൻ ജീവൻ പണയപ്പെടുത്തി രാപകൽ കാവൽനിൽക്കുകയാണു കർഷകർ.
കോരുത്തോട് പഞ്ചായത്തിൽ മൂന്നു വശവും പന്പ വനം അതിരിടുന്ന അഞ്ചാം വാർഡിൽ കാട്ടാന ചവിട്ടിമെതിക്കാത്ത കൃഷിയിടങ്ങൾ കുറവാണ്. ഇരുട്ടു പടർന്നാലുടൻ അഴുതയാർ നീന്തിക്കയറിയെത്തുന്ന ആനക്കൂട്ടം കൃഷി ചവിട്ടി മെതിക്കും. തെങ്ങും കവുങ്ങും പിഴുതെറിയും. തലമുറകളുടെ കഠിനാധ്വാനം കാട്ടാനക്കൂട്ടം മെതിച്ചുമറിച്ചിരിക്കുന്ന കാഴ്ച. പിഴുതെറിഞ്ഞ കപ്പയും ചവിട്ടിയൊടിച്ച റബർ തൈകളും ഈ ഗ്രാമത്തിലെ കരളലിയിക്കുന്ന കണ്ണീർക്കാഴ്ച.
കാട്ടാനകളെ തുരത്താൻ പാട്ടയും പടക്കവുമായി ഗ്രാമവാസികൾ കൃഷിയിടത്തിൽ ആഴ്ചകളായി കാത്തിരിപ്പാണ്. തുലാപ്പെയ്ത്തും മിന്നലും കുളിരും മറന്ന് നൂറുകണക്കിന് കർഷകർ പുഴയോരത്ത് പന്തവും ടോർച്ചുമായി നിൽപാണ്. മുൻപൊക്കെ രാത്രിയിലായിരുന്നു ആനകൾ കാടിറങ്ങി നാശംവിതയ്ക്കാൻ പാഞ്ഞെടുത്തിരുന്നത്.
ഒരാഴ്ചയായി പകൽവെട്ടത്തിലും ആനകൾ നിരയായി എത്തി പെരിയാർ ടൈഗർ റിസർവ് അതിരിടുന്ന കോടങ്കയത്തേക്കു നീന്തിയടുക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 13 ആനകൾക്കൊപ്പം രണ്ടു കുട്ടിയാനകളും പുഴ നീന്തിയെത്തി കൃഷിയിടം ചവിട്ടി മെതിച്ചു കാടുകയറി. ആനക്കൂട്ടം കാടിളക്കുന്പോഴേ ഗ്രാമത്തിൽ നെടുവീർപ്പും നിലവിളിയും ഉയരുകയായി. കോരുത്തോട് കവല മുതലുള്ള ഗ്രാമീണർ ഓടിയെത്തി പാട്ടകൊട്ടിയും കൂക്കുവിളിച്ചും പടക്കം പൊട്ടിച്ചും ആനകളെ തിരികെ ഓടിക്കും.
കോടങ്കയത്തിനു 12 കിലോമീറ്റർ അകലെ കൊന്പുകുത്തി വരെ സോളാർ കന്പിവേലി നിർമിച്ചിട്ടുണ്ട്. അഴുത അതിരിടുന്ന അഞ്ചാം വാർഡിലെ കൃഷിയിടങ്ങളിലും വേലി നിർമിച്ചേ തീരൂ എന്നാണു കർഷകരുടെ മുറവിളി. കാട്ടാനകളെ തുരത്താൻ വനംവകുപ്പ് ജീവനക്കാർ വരാറുണ്ട്. പക്ഷേ മൈലുകൾ അകലെ വണ്ടൻപതാലിലും മുറിഞ്ഞപുഴയിൽ നിന്നും വേണം വനപാലകരെത്താൻ. കോടങ്കയം പട്ടാളക്കുന്ന് മേഖലയിൽ സ്ഥിരം വനപാലകരെ നിയമിച്ചേ തീരൂ എന്നതാണ് കർഷകരുടെ ന്യായമായ ആവശ്യം.
തൈപ്പറന്പിൽ മോഹനൻ, തൈപ്പറന്പിൽ ശശി, വാണിപ്പുരയ്ക്കൽ സിബി, വാഴേപ്പറന്പിൽ മോഹനൻ, ചാലിൽ സാബു, പുത്തൻപറന്പിൽ രാജു, തെരുവംകുന്നേൽ വിനോദ്, അടുപ്പുകല്ലേൽ വർക്കിച്ചൻ, മുണ്ടയ്ക്കൽ ജോസഫ്, വെള്ളിപ്പള്ളിൽ അപ്പുക്കുട്ടൻ, കോടത്തുശേരി റ്റിജോ, കൊച്ചുപറന്പിൽ വിദ്യാധരൻ, കുമാരമംഗലം സുനിൽ, മൂലേകടുപ്പിൽ അമ്മിണി, കുന്നേൽപറന്പിൽ കൃഷ്ണൻകുട്ടി തുടങ്ങി നിരവധി പേരുടെ കൃഷിയിടങ്ങളിൽ പലതവണ കാട്ടാനയുടെ വിളയാട്ടമുണ്ടായി.
ഏറെപ്പേരും ഒരേക്കറിൽ താഴെ കൃഷിയിടം സ്വന്തമായുള്ളവരാണ്. വീടുകളുടെ വിളിപ്പാടകലെ വരെ ആനക്കൂട്ടം നാശംവിതയ്ക്കുന്പോൾ ജീവൻ പണയപ്പെടുത്തി കഴിയുകയാണ് കുടിയേറ്റ കർഷകർ. കാട്ടാന കൃഷി നശിപ്പിച്ചാൽ നയാ പൈസ നഷ്ടപരിഹാരം കിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ടു മാസത്തിനുള്ളിൽ 12 തവണ ഈ ഗ്രാമത്തിൽ കാട്ടാന കടന്നുകയറി.
നിവേദനങ്ങളും നിലവിളിയുമായി ഗ്രാമവാസികൾ ജനപ്രതിനിധികളെ സമീപിക്കുന്നുണ്ടെങ്കിലും നേട്ടമില്ല. വൈകാതെ ശബരിമല തീർഥാടനകാലം തുടങ്ങും. കാനനപാതകളിൽ ആൾസഞ്ചാരം കൂടുന്പോൾ കൂടുതൽ ആനകൾ നാട്ടിലേക്ക് ഇറങ്ങുമോ എന്ന ഭയമാണ് ദേശവാസികൾക്കുള്ളത്.
കൊന്പുകുത്തി മുതൽ കണ്ടംകയം വരെയുള്ള പത്ത് കിലോമീറ്റർ ദൂരം കൂടി സോളാർ വേലി നിർമിച്ചാൽ വനാതിർത്തി പൂർണമായി സുരക്ഷിതമാകും. നിലവിൽ അഞ്ച് കിലോമീറ്റർ സോളാർ വേലി നിർമിക്കാൻ വനംവകുപ്പിന് അനുമതി ലഭിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കുടിയേറ്റകർഷകർ .
കാട്ടാനകളെ തുരത്താൻ രാത്രി കാത്തിരുന്ന നാട്ടുകാർ കണ്ടത് കടുവയെ
കഴിഞ്ഞയാഴ്ച കാട്ടാനകളെ തുരത്താൻ രാത്രി കാത്തിരുന്ന നാട്ടുകാർ കണ്ടത് കടുവയെ. കോടങ്കയം ഭാഗത്ത് ഇരുട്ടിൽ അനക്കം കണ്ട് ടോർച്ച് തെളിച്ചപ്പോൾ കടുവ ഓടിമറഞ്ഞു. ജനവാസകേന്ദ്രത്തിന് 300 മീറ്റർ അടുത്തുവരെ കടുവ ഇറങ്ങിയതോടെ ഗ്രാമത്തിൽ ഭീതി വർധിക്കുകയാണ്. അഴുതയുടെ തീരത്തെ നാട്ടുവഴികൾ താണ്ടി നൂറുകണക്കിനു വിദ്യാർഥികൾ കോരുത്തോട്ടിലും മറ്റിടങ്ങളിലും പോകുന്നുണ്ട്.
പുലർച്ചെ ആരാധനാലയങ്ങളിലേക്കും പാൽ സൊസൈറ്റിയിലേക്കും പോകുന്നവരും ഏറെപ്പേരാണ്.വനംകടന്നെത്തുന്ന മ്ലാവുകൾ കൃഷി നശിപ്പിക്കുന്നതും പതിവാണ്. റബർ തൈകളും മറ്റും മ്ലാവുകൾ കടിച്ചുകളയുന്നതുമൂലം കർഷകർക്ക് നഷ്ടം ഏറെയാണ്.