മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ അത്ലറ്റിക്കോ മഡ്രിഡിന്റെ ഡിയേഗോ കോസ്റ്റയുടെ ഈ സീസണ് അവസാനിച്ചു. റഫറിയോട് കയർത്തതിനും അസഭ്യം പറഞ്ഞതിനുമായി എട്ട് ലാ ലിഗ മത്സരങ്ങളിൽ നിന്ന് കോസ്റ്റയ്ക്ക് വിലക്കും പിഴ ശിക്ഷയും വിധിച്ചതോടെയാണിത്. ബാഴ്സലോണയും അത്ലറ്റിക്കോയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ തന്നെ വീഴ്ത്തിയത് റഫറി ഫൗൾ വിളിച്ചില്ലെന്നാരോപിച്ചായിരുന്നു കോസ്റ്റയുടെ ക്ഷോഭപ്രകടനം. സംഭവത്തിൽ കോസ്റ്റയ്ക്ക് ചുവപ്പുകാർഡും ലഭിച്ചു. എന്നിട്ടും മൈതാനം വിട്ടുപോകാതെ നിന്ന കോസ്റ്റയെ ബാഴ്സ താരം ജെറാർഡ് പിക്വെ ഇടപെട്ടാണ് പുറത്തേക്കു നയിച്ചത്. അത്ലറ്റിക്കോയ്ക്ക് ലാ ലിഗയിൽ ഏഴ് മത്സരങ്ങളേ അവശേഷിക്കുന്നുള്ളൂ.