സ്വന്തം ലേഖകൻ
തൃശൂർ: പ്രളയകാലത്ത് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച കേരളത്തിന്റെ കടൽസൈനികരായ മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽവാർഡൻ പരിശീലനം തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾക്കിടയിൽ നിന്ന് തെരഞ്ഞെടുത്ത 180 പേരാണ് പോലീസ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയിരിക്കുന്നത്.
നാലു മാസത്തെ പരിശീലനമാണ് ഇവർക്ക് ഇവിടെ നൽകുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തീരദേശ പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 കോസ്റ്റൽ വാർഡൻമാർക്ക് നിയമന ഉത്തരവും യൂണിഫോമും വിതരണം ചെയ്തിരുന്നു. തുടർന്നാണ് ഇന്നുമുതൽ തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ ഇവരെ പരിശീലനത്തിന് അയച്ചത്.
ഒരു വർഷത്തെ കരാർ നിയമനത്തിലാണ് ഇവരെ നിയമിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് മൂന്നുവർഷമാക്കി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ സൂചന. പ്രതിമാസം 19000 രൂപയോളമാണ് ഇവർക്ക് വേതനം നൽകുക. കേരള പോലീസ് അക്കാദമിയിൽ പോലീസ് സേനയ്ക്ക് നൽകുന്ന അടിസ്ഥാന പരിശീലനം ഇവർക്ക് നൽകും. രക്ഷാപ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകും.
നേവിയുടേയും കോസ്റ്റ്ഗാർഡിന്റെയും വിദഗ്ധരുടെ സേവനവും ഇവരുടെ പരിശീലനത്തിന് ഉപയോഗപ്പെടുത്തും. പ്രായോഗിക പരിശീലനവും ഇവർക്ക് നൽകും. പോലീസിന്റെ അടിസ്ഥാന പരിശീലനമായ പരേഡ്, ഡിസിപ്ലിൻ എന്നിവയ്ക്ക് പുറമെ വയർലെസ് ഓപ്പറേഷൻ, ബോട്ടിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിലും പരിശീലനം നൽകും. രാവിലെ ആറുമുതൽ എട്ടര വരെ പോലീസ് ട്രെയിനിംഗും തുടർന്ന് ക്ലാ്സുകളും നൽകും.
കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും കോസ്റ്റൽ വാർഡൻമാരാകാൻ മത്സ്യത്തൊഴിലാളികൾ എത്തിയിട്ടുണ്ട്. അഞ്ച് സ്ത്രീകളും കൂട്ടത്തിലുണ്ട്. പതിനഞ്ചു ദിവസം നേവിയുടെ വിദഗ്ധ പരിശീലനവും ലഭ്യമാക്കും. നീന്തലറിയാവുന്നവരാണ് പരിശീലനാർത്ഥികളെല്ലാമെങ്കിലും പോലീസ് അക്കാദമിയിലെ സ്വിമ്മിംഗ് പൂളിലും ജില്ലയിലെ ജലാശയങ്ങളിലും ഫയർഫോഴ്സ് അടക്കമുള്ളവരുടെ സഹകരണത്തോടെ മുങ്ങലിലും രക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നൽകാനും പദ്ധതിയുണ്ട്.
പ്രത്യേക യൂണിഫോമും തൊപ്പിയും ഇവർക്കുണ്ട്. വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്പോൾ സൗകര്യപ്രദമാകും വിധമാണ് യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്.മൂവായിരത്തോളം അപേക്ഷകരിൽ നിന്നാണ് ഇരുനൂറോളം പേരെ കോസ്റ്റൽ വാർഡൻമാരായി തെരഞ്ഞെടുത്തത്.എസ്എസ്എൽസിയായിരുന്ന അടിസ്ഥാന യോഗ്യത. 14 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ നിയോഗിക്കുക.