ഗാന്ധിനഗർ: യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽപി സ്കൂളിനു സമീപം കളരിക്കൽ കാർത്തികയിൽ (പടിഞ്ഞാറെ മുറിയിൽ) പരേതനായ രാജശേഖരൻ- വിജയമ്മ ദന്പതികളുടെ മകൻ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി റോഡിൽനിന്നു ചാത്തുണ്ണിപ്പാറക്കു പോകുന്ന വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് പ്രശാന്ത് രാജിന്റെ മൃതദേഹം ശനിയാഴ്ച പോലീസ് കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തുനിന്ന് സാനിട്ടൈസറിന്റെ ഒഴിഞ്ഞ കുപ്പിയും കണ്ടെത്തിയിരുന്നു. സാനിട്ടൈസർ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വിശദായ പരിശോധനയ്ക്കുശേഷമേ ഇക്കാര്യം ഉറപ്പിക്കാനുവെന്നും പോലീസ് പറഞ്ഞു.
കാറിന്റെ വാടകയും മറ്റൊരാൾക്കു ഒന്പതു ലക്ഷം രൂപയും നല്കാമെന്നു പറഞ്ഞിരുന്ന ദിവസമാണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശാന്ത് പലരിൽ നിന്നായി വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നു പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
80 ലക്ഷം രൂപ വായ്പയായി വാങ്ങിയിട്ടുണ്ടെന്ന് ഞീഴൂർ സ്വദേശി ഗാന്ധിനഗർ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതുകൂടാതെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നും ഇയാൾ പണം വാങ്ങിയിട്ടുള്ളതായും പറയുന്നു. ഇക്കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.
പലപ്പോഴും ഒന്നിലധികം കാറുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും കാറുകൾ സുഹൃത്തുക്കളുടെതാണെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.
അവസാനം ഉപയോഗിച്ച വാടകയ്ക്കെടുത്ത ഇന്നോവാ കാറിൽനിന്ന് ഡോകടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പും പോലീസിനു ലഭിച്ചിരുന്നു.
കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് താല്കാലിക അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്തു വരുന്നതിനിടയിൽ വെളളിയാഴ്ച രാവിലെ പത്തിനു വീട്ടിൽനിന്നു ജോലിക്കു പോയ ഇയാൾ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നും വാടകയ്ക്കെടുത്ത ഇന്നോവ കാർ സ്വയം ഓടിച്ചാണ് ജോലിക്കു പോയിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 വരെ ബന്ധുക്കളുമായി ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
പിന്നീട് ഫോണ് സ്വിച്ച് ഓഫ് ആയി. അതേസമയം കാറിന്റെ വാടക ലഭിക്കാതെ വന്നതോടെയും പ്രശാന്തിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയും കാറിന്റെ ഉടമ കാർ ഗൂഗിൾ സേർച്ചിലൂടെ കണ്ടെത്തി എടുത്തുകൊണ്ടു പോകുന്നതിനിടെ ഗാന്ധിനഗർ പോലീസ് ഗാന്ധിനഗർ ജംഗ്ഷനിലെ പെട്രോൾ പന്പിനു സമീപം തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു.
കാറുടമസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.