കോട്ടയം: മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ.
രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളില്‍നിന്നു പന്നിമാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ച് ഉത്തരവായി.
ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും ഉത്തരവായി.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് ദ്രുതകര്‍മസേന രൂപീകരിച്ചു.
ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകളും നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
48 പന്നികളെ കൊന്ന് സംസ്കരിച്ചു
കോട്ടയം: പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഇതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെയും കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പ്രോട്ടോകോള്‍ പാലിച്ച് മൂന്നുമണിക്കൂര്‍ കൊണ്ട് ദയാവധം ചെയ്ത് സംസ്കരിച്ചു.
പൂര്‍ണവളര്‍ച്ചയെത്തിയ 22 പന്നികളെയും ആറു മാസത്തില്‍ താഴെയുള്ള 26 പന്നികളെയും ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ സംസ്കരിച്ച് പ്രതിരോധ-അണുനശീകരണ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.
ഈ പന്നി ഫാമില്‍നിന്ന് രണ്ടു മാസത്തിനിടെ മറ്റു ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കി.