കോട്ടയം: രണ്ടു പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇതോടെ കോട്ടയം ജില്ല വീണ്ടും ജാഗ്രതയിലാണ്. അബുദാബിയിൽനിന്നു വന്ന അതിരന്പുഴ സ്വദേശി(29), മഹാരാഷ്്ട്രയിൽനിന്നു വന്ന മുണ്ടക്കയം മടുക്ക സ്വദേശി(23) എന്നിവർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഇവർക്കു പുറമെ വിദേശത്ത് നിന്ന് വന്ന ഉഴവൂർ സ്വദേശിനി, ഇവരുടെ രണ്ടു വയസുള്ള മകൻ എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരിൽ അതിരന്പുഴ സ്വദേശിയും ഉഴവൂർ സ്വദേശിനിയും മകനും കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്. മുണ്ടക്കയം മടുക്ക സ്വദേശി ജനറൽ ആശുപത്രിയിലുമാണ് കഴിയുന്നത്.
കഴിഞ്ഞ ഏഴിന് അബുദാബി – കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ അതിരന്പുഴ സ്വദേശി കോട്ടയം കോതനല്ലൂരിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.
ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ യുവാവ് ഉൾപ്പെടെ കോട്ടയം ജില്ലയിൽ എത്തിയ സഹയാത്രികരായ എട്ടു പേരുടെയും സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതിൽ മറ്റ് ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
മഹാരാഷ്്ട്രയിൽനിന്ന് കഴിഞ്ഞ 13ന് ബസിൽ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാന്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പിതാവ്, പിതൃസഹോദരൻ, വീട്ടിലെത്തിയ ശേഷം യുവാവുമായി സന്പർക്കം പുലർത്തിയ അമ്മ, സഹോദരൻ എന്നിവർ ഹോം ക്വാറന്റയിനിലാണ്. യുവാവിനൊപ്പം മഹാരാഷ്്ട്രയിൽനിന്ന് ബസിൽ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
36 പേരുടെ സ്രവ പരിശോധനാഫലം ഇന്ന്
കടുത്തുരുത്തി: കോതനല്ലൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 33 പ്രവാസികളുടെയും ഇതരസംസ്ഥാനത്തു നിന്ന് വന്ന മൂന്നു പേരുടെടെയും സ്രവ പരിശോധനാഫലം ഇന്ന് ലഭിക്കും.
ഇന്നലെയാണ് ഇവരുടെ സ്രവം ആരോഗ്യവകുപ്പ് ശേഖരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാന്പിൾ അയച്ചിരിക്കുന്നത്. കോട്ടയം ഡെപ്യൂട്ടി ഡിഎംഒ ഡോ. രാജൻ, ആർസിഎച്ച് ഓഫീസർ ഡോ. സിത്താര, ഡോ. റോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ സാന്പിൾ ശേഖരിച്ചത്. പരിശോധനയ്ക്ക് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് രാജൻ, ഷിബുമോൻ, പ്രവീണ് ജോസഫ്, കുടുംബാരോഗ്യ കേന്ദ്രം നഴ്സ് ഷൈജി, നഴ്സിംഗ് അസിസ്റ്റന്റ് ജലജ മോൾ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ രതിമോൾ, ബിന്ദുമോൾ സ്റ്റീഫൻ, ആശ ആജിത എന്നിവർ നേതൃത്വം നൽകി.
കുവൈറ്റ്, മലേഷ്യ, മസ്കറ്റ്, ദുബായ്, ഖത്തർ എന്നിവടങ്ങളിൽ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാർക്കാർക്കും തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരുൾപെടെ 36 പേർക്കുമാണ് ഇന്നലെ പരിശോധന നടത്തിയത്. 14 സ്ത്രീകളും 22 പുരുഷ·ാരും ഉൾപ്പെടുന്നു.
ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒന്പതിന് അബുദാബിയിൽനിന്നും വന്ന വിമാനത്തിലെത്തിയ അതിരന്പുഴ സ്വദേശിയായ 29 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
യുവാവിനെ ഇന്നലെ ആംബു ലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ ഉൾപെടെ 18 പ്രവാസികളുടെ സ്രവം ആരോഗ്യ വകുപ്പ് അധികൃതർ ഞായറാഴ്ചയാണ് പരിശോധനക്കായി ശേഖരിച്ചത്. ഇതിൽ ബാക്കി 17 പേരുടെയും ഫലം നെഗറ്റീവായിരുന്നു.
ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 139 പരിശോധന ഫലങ്ങൾ. ഇന്നലെ 40 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ 357 പേർക്കു ഹോം ക്വറന്റയിൻ നിർദേശിച്ചു.
ഇവരിൽ 29 പേർ കോവിഡ് സ്ഥീരികരിച്ചവരുമായി നേരിട്ട് ബന്ധം പുലർത്തിയവരാണ്. 27 പേർ നേരിട്ടു ബന്ധപ്പെട്ടവരുടെ സെക്കൻഡറി കോണ്ടാക്്റ്റുകളാണ്. 71 പേർ വിദേശത്ത് നിന്നും 230 പേർ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരുമാണ്.