കോട്ടയം: മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ അസ്വാഭാവിക മരണങ്ങളെപ്പറ്റിയുള്ള അന്വേഷണം മരുന്നു കന്പനികളിലേക്ക് നീങ്ങുന്നു.
കഴിഞ്ഞ മാർച്ചിൽ ജില്ലയിലെ കറുകച്ചാൽ സജ്ഞീവിനി, കുറിച്ചി ജീവൻ ജ്യോതി, പുതുജീവൻ എന്നിവിടങ്ങളിൽ 11 അന്തേവാസികൾ ഒരാഴ്ചക്കിടെ അസ്വാഭാവികമായി മരണപ്പെട്ടിരുന്നു. ഇതേക്കുറിച്ചു നടക്കുന്ന അന്വേഷണമാണ് മരുന്നു കന്പനികളിലേക്കു നീങ്ങുന്നത്.
സംഭവത്തിൽ യാഥാർഥ്യം കണ്ടെത്തി ശരീയായ രീതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മരണത്തെത്തുടർന്ന് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കെതിരെ വ്യാപക ആക്ഷേപവും പരാതിയും ഉയർന്ന സാഹചര്യത്തിൽ സജ്ഞീവിനി ഡയറക്ടർ ഫാ. ജേക്കബ് വാത്താട്ട്, ജീവൻ ജ്യോതി സിസ്റ്റർ സുപ്പീരിയർ സിസ്റ്റർ ആനി മരിയ എന്നിവർ ഹൈക്കോടതിയിൽ തങ്ങളുടെ സ്ഥാപനത്തിലെ അസ്വാഭാവിക മരണം സംബന്ധിച്ച സ്വകാര്യ മരുന്നു കന്പനിയുടെ മരുന്നിനെ സംശയിക്കുന്നതിനാൽ ജില്ലാ പോലീസ് ചീഫിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഈ ഹർജിയിൻമേലാണ് ഹൈക്കോടതി ജഡ്ജി അലക്സാണ്ടർ തോമസിന്റെ വിധിയുണ്ടായത്.
അസ്വാഭാവിക മരണത്തിൽ വില്ലനായി സംശയിക്കുന്ന മരുന്ന് സ്വന്തം നിലയിൽ ഹർജിക്കാർ ബംഗളൂരിലുള്ള ലാബിൽ വിഷാംശ പരിശോധയ്ക്കായി അയച്ചിരുന്നു. ഈ മരുന്നും ഇതിന്റെ ഉള്ളടക്കമുള്ള മറ്റൊരു കന്പനിയുടെ മരുന്നും ചുണ്ടെലികളിൽ പരീക്ഷണം നടത്തി.
സംശയിക്കുന്ന മരുന്ന് പരീക്ഷിച്ച ചുണ്ടെലികൾ അരമണിക്കൂറിനുള്ളിൽ ചത്തുപോകുകയും മറ്റു കന്പനിയുടെ മരുന്നു പരീക്ഷിച്ച ചുണ്ടെലികൾക്ക് 14 ദിവസം കഴിഞ്ഞിട്ടും ഒരു കുഴപ്പവും സംഭവിച്ചതുമില്ല.
അതിനാൽ ഈ കേസ് ജില്ലാ പോലീസ് ചീഫിന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാർക്കു വേണ്ടി അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കര പാലാ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സംശയിക്കുന്ന മരുന്ന് സർക്കാർ ലാബിൽ പരിശോധിക്കണമെന്നും കേസന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിർദേശിച്ചിട്ടുണ്ട്.
ഹർജിക്കാർക്ക് അന്വേഷണത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ ജില്ലാ പോലീസിൽ പരാതി നല്കാമെന്നും പരാതികൾ പരിഹരിക്കാൻ എല്ലാ നിയമ നടപടികളും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംശയിക്കുന്ന മരുന്നു കന്പനിയെ എതിർകക്ഷിയാക്കി ഹൈക്കോടതി നോട്ടീസ് അയച്ചപ്പോൾ ഇങ്ങനെയൊരു വിലാസം ഇല്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്.