കോതമംഗലം: മാർ തോമ ചെറിയപള്ളി ഏറ്റെടുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഘമെത്തുമെന്ന ആശങ്കയിൽ മതമൈത്രി സമിതിയുടേയും വിശ്വാസികളുടേയും നേതൃത്വത്തിൽ പള്ളിയുടെ പ്രവേശന കവാടത്തിൽ സംഘടിച്ച് യാക്കോബായ വിഭാഗം.
നിരവധി പേർ കൂട്ടമായി പള്ളിയങ്കണത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. വികാരി ഉൾപ്പെടെ വിവിധ പള്ളികളിൽ നിന്നെത്തിയ വൈദീകരും വിശ്വാസികളും സമിതി അംഗങ്ങളും രംഗത്തുണ്ട്.
ഏതു വിധേനയും പള്ളി സംരക്ഷിക്കുമെന്നും പിടിച്ചെടുക്കുവാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും മതമൈത്രി സമിതി ചെയർമാൻ എ.ജി. ജോർജ് കൺവീനർ കെ.എ നൗഷാദ് എന്നിവർ അറിയിച്ചു.
കോതമംഗലം പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനും എറണാകുളം ജില്ലാ കളക്ടർക്കുമെതിരെ വിമർശനം നടത്തിയിരുന്നു.
വിധി ഒരു വർഷമായിട്ടും നടപ്പാക്കുന്നതിന് വേണ്ട നടപടികൾ കളക്ടർ സ്വീകരിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. പള്ളി പിടിച്ചെടുക്കുന്നതിനെതിരേ മതമൈത്രി സമിതിയുടെ നേതൃത്വത്തിൽ നാളെ കോതമംഗലത്ത് ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.