കോതമംഗലം: ഊന്നുകല്ലിൽ അയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കം വീടുകയറിയു ള്ള ആക്രമണത്തിൽ കലാശിച്ചു. വയോധിക ദന്പതികളും മകനും അടക്കം നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ഊന്നുകല്ലിനു സമീപം വെള്ളാമക്കുത്ത് പുളിഞ്ചോട്ടിൽ പൗലോസ്(83), ഭാര്യ ഏലിയാമ്മ(80), മകൻ ജെയിംസ്(48) എന്നിവർക്കാണ് ബുധനാഴ്ച പുലർച്ചെ നാലിന് വീട്ടിൽ കയറിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്.
അയൽവാസികളായ കളരിക്കൽ ബേബി(63), ഭാര്യ മോളി(54), മകൻ നോബിൾ(32) എന്നിവരാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിനിടെ ബേബിയുടെ കൈയ്ക്കു നിസാര പരിക്കേറ്റു. ഇരുവീട്ടുകാരും തമ്മിലുള്ള അതിർത്തി തർക്കം വർഷങ്ങളായി ഉള്ളതാണ്.
പൗലോസും കുടുംബവും അതിർത്തിയിൽ കഴിഞ്ഞ ദിവസം കോണ്ക്രീറ്റ് തൂണിട്ട് വേലികെട്ടാൻ ശ്രമിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ബേബിയും കുടുംബവും ഇതു പൊളിച്ചുനീക്കാൻ എത്തിയതാണ് സംഘർത്തിനിടയായത്. വാക്കത്തിയും വടിയും കൊണ്ടാണ് പൗലോസിനേയും കുടുംബത്തേയും ആക്രമിച്ചത്.
വാക്കത്തികൊണ്ടുള്ള വെട്ടേറ്റ ഏലിയമ്മയുടെ തലയോടിനു പൊട്ടലുണ്ട്. പൗലോസിനും ജെയിംസിനും ശരീരമാസകലം വെട്ടും അടിയുമേറ്റു. മൂന്നു പേരെയും നാട്ടുകാരാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൂട്ടനിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ കണ്ടത് ആക്രമണത്തിന് ഇരയായി വീണു കിടക്കുന്ന പൗലോസിനെയും ഏലിയാമ്മയെയുമാണ്. അക്രമികൾ ഇതിനോടകം ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടിനുള്ളിൽ വച്ചുണ്ടായ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ പുറത്തേക്ക് ഓടി മുറ്റത്തെത്തിയപ്പോഴാണ് വെട്ടിയും അടിച്ചും പരിക്കേൽപ്പിച്ചത്.
ജെയിംസിന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അവർക്കെതിരേ ആക്രമണം ഉണ്ടായില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.