കോതമംഗലം: സഭാ ഭരണഘടനയുടെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിയുടെ പിൻബലത്തിൽ മാർത്തോമ്മ ചെറിയ പള്ളി അടച്ചുപൂട്ടുന്നത് വ്യാപാരി സമൂഹം അനുവദിക്കുകയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റുമായ അജ്മൽ ചക്കുങ്ങൽ. ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണസമിതി നടത്തി വരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹത്തിന്റെ 37-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മ ചെറിയപള്ളിയുടെ സംരക്ഷണത്തിന് വ്യാപാരി സമൂഹത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമിതി ജോയിന്റ് കണ്‍വീനർ പി.ടി. ജോണി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് ഇ.കെ. സേവ്യർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.ഡി. സുഗുതൻ, സിപിഎം വാരപ്പെട്ടി ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ, കണ്‍വീനർ എ.ജി. ജോർജ്, ആമിന ബഷീർ, എ.കെ. സുകുമാരൻ, കെ.എം. സലിം, ഫാ. ബിനിൽ തേക്കാമോളത്ത്, ജെസി മോൾ, എം.എസ്. ബെന്നി, എം.വി. റെജി, സി.എ. കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.