കോതമംഗലം : ഓർത്തഡോക്സ് വിഭാഗം വൈദികൻ മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയതു യാക്കോബായവിഭാഗം തടഞ്ഞു. തോമസ് പോൾ റന്പാനും നാല് വൈദികരും പതിനഞ്ചോളം ഓർത്തഡോക്സുകാരുമാണ് പള്ളിയിൽ പ്രവേശിക്കുവാനെത്തിയത്.
സംഘാർഷാവസ്ഥ കണക്കിലെടുത്തു വൻപോലീസ് സന്നാഹം പള്ളിയ്ക്കു മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. മാർ തോമചെറിയ പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നെങ്കിലും ഒരുമണിക്കൂറിനുശേഷം ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റന്പാൻ പിൻമാറാൻ തയാറായതോടെ സംഘർഷ സാധ്യതയ്ക്കു അയവു വന്നു. വൈദികനെ പള്ളിയിൽ പ്രവേശിക്കുന്നതിനു പോലീസ് സഹായം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
യാക്കോബായ വിശ്വാസികളെ മുഴുവൻ പുറത്താക്കാൻ പോലീസിനു സാധിക്കില്ലെന്നു തോമസ് റന്പാനെ പോലീസ് അറിയിച്ചു. ഓർത്തഡോക്സ് സഭയെ സർക്കാർ അവഗണിക്കുകയാണെന്ന് തോമസ് റന്പാൻ മാധ്യമങ്ങളെ അറിയിച്ചു.പളളിയിലും പരിസരത്തും തിങ്ങിനിറഞ്ഞിരുന്ന വിശ്വാസികൾ റന്പാനെയും ഒപ്പമുള്ളവരെയും തടയുകയായിരുന്നു.
സ്ഥലത്ത് വൻ പോലീസ് സേനയും നിലയുറപ്പിച്ചിരുന്നു. ഇന്ന് രാവിലെ 9.35 ഓടെ പോലിസ് അകന്പടിയോടെയാണ് തോമസ് പോൾ റന്പാനും നാല് വൈദികരും പതിനഞ്ചോളം ഓർത്തഡോക്സ് അംഗങ്ങളും പള്ളിയിൽ പ്രവേശിക്കുവാനെത്തിയത്. തോമസ് പോൾ റന്പാന്റെ മാതാവിന്റെ ചരമ വാർഷിക അനുസ്മരണവുമായി ബന്ധപ്പെട്ട് വി.കുർബ്ബാനയും സെമിത്തേരി ശുശ്രുഷകളും നടത്തുവാനാണ് റന്പാനും മറ്റും എത്തിയത്.
കോടതിയിൽ നിന്ന് ലഭിച്ചിട്ടുള്ളഅനുകൂല വിധിയുടെ പിൻ ബലത്തിൽ മുൻകൂർപോലീസ് സംരക്ഷണം തേടിയാണ് നന്പാൻ എത്തിയത്.എന്നാൽ റന്പാന്റെ വരവ് മുൻകൂട്ടി അറിഞ്ഞ് പള്ളിയിൽ പ്രവേശിക്കാതെ തടയുവാൻ നൂറ് കണക്കിന്യാക്കോബായ വിശ്വാസികളാണ് പള്ളിയിലും ഗെയിറ്റിലും തടിച്ച് കൂടിയിരുന്നത്.
യാതൊരു കാരണവശാലും റന്പാൻ ഉൾപ്പെടെയുള്ള ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ഇടവകാംഗങ്ങളും വിശ്വാസികളും. ഇന്ന് രാവിലെ മുതൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി പള്ളിയിൽ തുടർച്ചയായി വി.കുർബ്ബാനയും പ്രാർത്ഥനയും നടന്ന് വരികയുമാണ്.
രണ്ട് മാസം മുന്പു റന്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തിയത് യാക്കോബായ വിശ്വാസികൾ തടഞ്ഞത് ദിവസങ്ങളോളം സംഘർഷം നിലനിന്നിരുന്നു. വിശ്വാസികളുടെ എതിർപ്പിനെ മറികടക്കാനാവാതെ അന്ന് റന്പാൻ പിൻ വാങ്ങുകയായിരുന്നു.