കോതമംഗലം: ഊന്നുകലിന് സമീപം നമ്പൂരിക്കൂപ്പ് കാപ്പിച്ചാല്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച സംഭവത്തിനു ശേഷം ഒളിവിൽപോയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാപ്പിച്ചാലിൽ വാടകക്ക് താമസിക്കുന്ന ആമക്കാട്ട് സജി ആന്റണി (42) ആണ് രാവിലെ 9.30 ഓടെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെഭാര്യ പ്രിയ(38) ഇന്നലെ മക്കളുടെ മുന്നിൽ വെട്ടേറ്റ് മരിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽപോയ സജിക്കായി പോലിസ് തിരച്ചിൽ ഊർജ്ജിതപ്പെടുത്തി വരുന്നതിനിടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് 100 മീറ്ററോളം മാറി ആഞ്ഞിലി മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് 5നായിരുന്നു നാടിനെ നടുക്കിയ ധാരുണ കൊലപാതകം. സംഭവ ശേഷം സജി ഒളിവിലായിരുന്നു. രാത്രി വൈകിയോ പുലർച്ചെയോ ആകാം സജി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പ്രിയയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ സംസ്കരിക്കും.
സംശയത്തെ തുടർന്നുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കെട്ടിട നിർമാണ കരാറുകാരനായിരുന്നു സജി. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തി ഇന്നലെ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പോലീസ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്തെ വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.വീടിന്റെ അടുക്കള ഭാഗത്ത് വച്ചാണ് പ്രിയക്ക് വെട്ടേറ്റത്.
അച്ഛന് അമ്മയെ വാക്കത്തിക്ക് വെട്ടുന്നത് കണ്ട് മക്കളായ എബിനും(12),ഗോഡ്വിനും(10)ഉറക്കെ നിലവിളിച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. 200 മീറ്റര്‍ മാറിയുള്ള അയൽ വീട്ടിലെത്തി മകൻ ഗോഡ്വിന് അമ്മയെ അപ്പന് വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേയെന്ന് അപേക്ഷിച്ചതായും പറയുന്നു.
വീട്ടുകാർ സമീപത്തെ ചിലരേയും കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്. സംഭവം അറിഞ്ഞ് തടിക്കുളം ഭാഗത്ത് താമസിക്കുന്ന പ്രിയയുടെ പിതാവ് വയലിൽ ഔസേഫും സഹോദരന് പ്രജുലും സ്ഥലത്തെത്തിയാണ് പ്രിയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് കോതമംഗലം ധര്‍മ്മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മറ്റിയ മൃതദേഹം ഇന്ന് രാവിലെ ഊന്നുകൽ പോലിസ് എത്തി ഇൻക്വസ്റ്റ് പൂർത്തികരിച്ച് വരികയാണ്. പോലിസ് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തും.
പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. റൂറല്‍ എസ്പി രാഹുല്‍ ആര്. നായര്‍, ഡിവൈഎസ്പി കെ. ബിജുമോന്, ഊന്നുകല്‍ എസ്ഐ എല്‍.നിയാസ് എന്നിവര്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. സജിയുടെ മൃതദേഹവും പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.