കോതമംഗലം: നഗരത്തിലെ ബാർ ഹോട്ടലിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊലപ്പെട്ട കേസില്‍ അഞ്ച് പ്രതികളും അറസ്റ്റില്‍. മുഖ്യപ്രതി സാജൻ നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘാഗമെന്ന് പോലീസ്. തൊടുപുഴ, പാല സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസിൽപ്പെട്ടിട്ടുള്ള ഇയാൾ മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
സാജൻ അടക്കം രണ്ട് പേരെ പാലാ പോലീസാണ് പിടികൂടിയത്. മറ്റ് മൂന്ന് പ്രതികളെ കോതമംഗലം പോലീസും അറസ്റ്റ് ചെയ്തു. കുത്തുകുഴി വലിയപാറ പാറപ്പുറം ചാക്കോയുടെ മകന് ബിനു (28) ആണ് കത്തികുത്തില്‍ കൊല്ലപ്പെട്ടത്.ബിനുവിന്റെ സുഹൃത്തുക്കളായ വലിയപാറ നെടുംഭാഗത്ത് അജേഷ്,തങ്കളം പടിക്കക്കുടി ഷൈജോമോന് എന്നിവര്‍ കുത്തേറ്റ് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.തിങ്കളാഴ്ച രാത്രി 11ന് ആണ് സംഭവം.
ഈരാറ്റുപേട്ട ഇരുമാപ്ര പാറശേരിയില്‍ സാജന് സാമുവല്‍(40), തൊടുപുഴ ഏഴനെല്ലൂര് കാഞ്ഞിരത്തിങ്കല്‍ സ്വദേശി മീനച്ചില്‍ പൂവരണിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്ന ജിജോ ജോര്‍ജ്(32), നേര്യമംഗലം തലക്കോട് അള്ളുങ്കല്‍ പോഞ്ഞാശേരി മഠത്തുംപടി ജോബിന് ജോര്‍ജ്(21), കൂവള്ളൂര്‍ മണിക്കിണര്‍ സ്വദേശി നെല്ലിക്കുഴിയില്‍ താമസിക്കുന്ന ഓലിക്കല്‍ വീട്ടില്‍ ഫൈസല്‍ ബഷീര്‍(23), നെല്ലിക്കുഴി കൂമുള്ളുംചാലില്‍ രാഹുല്‍(മുന്ന-23)എന്നിവരാണ് അറസ്റ്റിലായത്. ഇവർ അഞ്ച് പേരും മുൻപ് പല ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണ്.
ബിനുവിനെ കുത്തിയ ശേഷം സാജനും ജിജോയും കൂടി പാലായ്ക്കാണ് കടന്നുകളഞ്ഞത്.പോകുന്ന വഴി മൂവാറ്റുപുഴയിലെ ബാർ ജീവനക്കാരന്റെ സ്വര്‍ണമാലയും പേഴ്സും കവര്‍ന്നാണ് പ്രതികള്‍ കടന്നത്. പാലായില്‍ എത്തിയ പ്രതികള്‍ ഇരുവരും ചൊവ്വാഴ്ച രാത്രി 9ന് പാലാ ഒലിവ് ബാറില്‍ കയറി മദ്യപിച്ചു.
ഇതിനിടെ ഇവര്‍ നടത്തിയ പല ക്രിമിനല്‍ കേസുകളെ കുറിച്ചും സംസാരിക്കാനിടയായി. സമീപത്ത് മദ്യപിച്ചിരുന്ന യുവാക്കള്‍ ഇക്കാര്യം കേട്ട് രഹസ്യമായിപോലീസില് അറിയിച്ചതാണ് പ്രതികളുടെ പെട്ടെന്നുള്ള അറസ്റ്റില്‍ എത്തിയത്.
മോഷണ കേസില്‍ പ്രതികളെ പാലാ കോടതിയില്‍ ഹാജരാക്കിയശേഷം അവിടെനിന്ന് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ബിനുകൊലക്കേസില് അറസ്റ്റ് രേഖപ്പെടുത്താനാണ് കോതമംഗലം പോലിസിന്റെ തീരുമാനം.ഫൈസലിനേയും ജോബിനേയും രാഹുലിനേയും ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും.
കത്തികുത്തിന് ഇടയാക്കിയ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ വര്‍ഷം തങ്കളം ബസ് സ്റ്റാന്‍ഡിന് സമീപം ആന്റോ എന്ന ബസ് തൊഴിലാളിയെ ജോബിന് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ആന്റോയുടെ സുഹൃത്തായ ഷൈജോമോൻ ഇയാൾക്കെതിരേ വെല്ലുവിളി നടത്തിയതിലെ മുൻ വൈരാഗ്യമാണ് ബാറിലെ കത്തിക്കുത്തിന് കാരണമാക്കിയത്.
ഷൈജോയും അജേഷും മരിച്ച ബിനുവും കൂടി ബാറില്‍ മദ്യപിക്കുകയായിരുന്നു. പ്രതികളുടെ സംഘം ഷൈജോയെ വെല്ലുവിളിച്ച് പുറത്തിറക്കി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷൈജോയുടെ മൊഴിയെടുത്താലെ കൂടുതല്‍ വിവരം ലഭിക്കുകയുള്ളു.
ഷൈജോയെ കുത്താന്‍ വന്നപ്പോള്‍ തടയാന്‍ ശ്രമിച്ചുപ്പോഴാണ് ബിനുവിനേയും അജേഷിനേയും സാജന് കുത്തി വീഴ്ത്തിയത്. ഞരമ്പ് മുറിഞ്ഞതുമൂലമുണ്ടായ രക്തസ്രാവമാണ് ബിനുവിന്റെ മരണത്തിന് കാരണമായതെന്നാണ് നിഗമനം. മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ആലുവായില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കത്തികുത്ത് നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടില്ല.