കോതമംഗലം: താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുണ്ടാകുന്ന വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ് എംഎൽഎ. വന്യമൃഗശല്യത്തിനെതിരേ കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനമേഖലയിൽ ഭക്ഷണത്തിനും വെള്ളത്തിനും കുറവുവന്നതാണ് വന്യമൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലയിലിറങ്ങാൻ കാരണം. ഈ പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് അധികാരികൾ തയാറായിട്ടില്ല. താലൂക്കിലെ മുഴുവൻ മേഖലകളിലും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതു വരെ കേരള കോണ്ഗ്രസ് പാർട്ടി ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
കോട്ടപ്പടി, പിണ്ടിമന, കീരന്പാറ, കവളങ്ങാട്, കുട്ടന്പുഴ പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. വനാതിർത്തിയിൽ ട്രഞ്ച് നിർമിച്ച് ഫെൻസിംഗ് സ്ഥാപിക്കുക, റെയിൽ ഫെൻസിംഗ് സ്ഥാപിക്കുക, കൃഷി നാശത്തിനു നഷ്ടപരിഹാരം നൽകുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വർണ പണയമുൾപ്പടെ സബ്സിഡിയോടുകൂടിയ വായ്പകൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
കെഎസ്ആർടിസി ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ഡിഎഫ്ഒ ഓഫീസിനു മുന്പിൽ പോലീസ് തടഞ്ഞു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, സംസ്ഥാന സെക്രട്ടറി ലിസി ജോസ്, ജോമി തെക്കേക്കര, റോയി സ്കറിയ, കെ.കെ. കോയാൻ, ജോർജ് അന്പാട്ട്, സി.കെ. സത്യൻ, ജോസ് അരഞ്ഞാണിയിൽ, എൽദോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.