കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി സുരക്ഷിതരായി വീടുകളിൽ എത്തിച്ചു. കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ രാവിലെ വനത്തിലേക്ക് പോയ മൂവരെയും ഇന്നു പുലർച്ചെ തെരച്ചിൽ സംഘം വനത്തിൽ അറയ്ക്കമുത്തി ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അട്ടിക്കളത്തുനിന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരെയാണ് അറയ്ക്കമുത്തി.
അട്ടിക്കളം പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരാണ് ഇന്നലെ ഉൾവനത്തിൽ രാത്രി ദിക്കറിയാതെ അകപ്പെട്ടുപോയത്. മായയുടെ പശുവിനെ തെരഞ്ഞായിരുന്നു മുവരും വനത്തിൽ കയറിയത്. കാട്ടാനക്കൂട്ടത്തെ കണ്ട ഇവർ രക്ഷപ്പെടാനായി കൂടുതൽ ഉൾവനത്തിലേക്ക് ഓടിമാറുകയും അങ്ങനെ ദിക്ക് തെറ്റുകയുമായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ റേഞ്ചും ബാറ്ററിചാർജും ഇല്ലാതായതോടെ വനത്തിൽനിന്ന് പുറത്ത് കടക്കുക എളുപ്പമല്ലെന്ന് മനസിലായ മൂവരും സുരക്ഷയെ കരുതി വലിയ പാറയുടെ മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പ്രാർഥിക്കുകയായിരുന്നുവെന്നും പാറയ്ക്ക് ചുറ്റും കാട്ടാക്കുട്ടം ഉണ്ടായിരുന്നുവെന്നും തിരിച്ചെത്തിയ മൂവരും പറഞ്ഞു.
ഇന്ന് പുലർച്ചെ തിരിച്ച് ഇറങ്ങി വരുന്നതിനിടെയാണ് തെരച്ചിൽ സംഘം മൂവരെയും കണ്ടെത്തിയത്. വനപാലകരും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സംഘങ്ങളായി തിരിഞ്ഞാണ് രാത്രി മുഴുവനും തെരച്ചിൽ നടത്തിയത്. സേർച്ച് ലൈറ്റുകളുടെ പ്രകാശം കുറയുകയും ക്ഷീണിതരാകുകയും ചെയ്തതോടെ തെരച്ചിൽ സംഘം പുലച്ചെ മൂന്നോടെ ഒരു പാറയിൽ വിറക് കൂട്ടി തീയിട്ട് വിശ്രമിച്ചിരുന്നു.
ഇത് സ്ത്രികൾ നിലയുറപ്പിച്ചിരുന്നതിന് മുന്നൂറ് മീറ്ററോളം സമീപത്തായിരുന്നു. കൂവിവിളിക്കുകയും ഗുണ്ട് പൊട്ടിക്കുകയും ചെയ്തെങ്കിലും രക്ഷാപ്രവർത്തകരാണെന്ന് തിരിച്ചറിയാത്തതിനാൽ മൂവരും പ്രതികരിച്ചില്ല. കാണാതായ പശു ഇന്നലെ വൈകുന്നേരത്തോടെ തനിയെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.
ബുധനാഴ്ച മുതൽ കാണാതായ പശുവിനെ അന്വേഷിച്ചാണ് ഇന്നലെ രാവിലെ മൂവരും ചേർന്ന് വനത്തിലേക്കു പോയത്. വൈകുന്നേരം അഞ്ച് വരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു. അവസാനം ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ വഴിതെറ്റി അലയുന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തുടർന്നു ഫോൺ ബന്ധം നിലച്ചു.
തിരിച്ചെത്തിച്ച മൂവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ആരോഗ്യസ്ഥിതി മെച്ചമാണെന്ന് ഉറപ്പ് വരുത്തി. മൂവരും സുരക്ഷിതരായി എത്തുന്നതും കാത്ത് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വലിയ ആൾക്കൂട്ടമാണ് കാത്തിരുന്നത്.