കോതമംഗലം: ആദിവാസി വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ പ്രയോജനം ലഭിക്കുന്ന നിർദിഷ്ട കുട്ടന്പുഴ ഗവണ്മെന്റ് കോളജ് യാഥാർഥ്യമാകുന്നതിന് വീണ്ടും തടസങ്ങൾ ഉയരുന്നു. കുട്ടന്പുഴയിൽ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് നേടിയെടുക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സ്ഥലസൗകര്യം നൽകാനാവില്ലെന്ന് ഗവണ്മെന്റ് സ്കൂൾ പിടിഎ നിലപാട് എടുത്തിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടിയിലാണ് സ്കൂൾ കെട്ടിടം കോളജിന്റെ ആവശ്യത്തിന് നൽകുന്നതിനോട് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി വിസമ്മതം അറിയിച്ചതായി വ്യക്തമാക്കിയത്. പ്രധാനാധ്യാപകനാണ് പിടിഎയുടെ എതിർപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ധരിപ്പിച്ചത്. അഞ്ച് മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സൗകര്യങ്ങൾ കുറവായതിനാൽ പഴയകെട്ടിടവും ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പിടിഎയുടെ വാദം.
കോളജ് ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുരങ്കംവക്കുന്നതാണ് സ്കൂൾ പിടിഎയുടെ നിലപാടെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നിർദിഷ്ട കെട്ടിടങ്ങൾ ഏറെകാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്. കോളജിനായി വിട്ടുകൊടുത്താൽ സ്കൂളിന് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് ഒരു വിഭാഗം നാട്ടുകാർ പറയുന്നത്. കുട്ടന്പുഴയിൽ ഗവണ്മെന്റ് കോളജ് അനുവദിക്കണമെന്ന ആവശ്യം ഏറെവർഷങ്ങളായി ഉയരുന്നുണ്ട്.
സർക്കാർ നിയോഗിച്ച സമിതി കോളജ് അനുവദിക്കാവുന്നതാണെന്ന് ശിപാർശയും നൽകിയിരുന്നു. ഹൈക്കോടതിയും അനുകൂല ഉത്തരവ് നൽകി. കോളജ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആന്റണി ജോണ് എംഎൽഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടുള്ള സർക്കാർ നടപടികൾ കോളജ് അനുവദിക്കുന്നതിന് അനുകൂലമായിരുന്നില്ല. ആദിവാസി മേഖലയെന്ന പരിഗണനയാണ് ഗവണ്മെന്റ് കോളജ് അനുവദിക്കുന്നതിനുള്ള കുട്ടന്പുഴയുടെ പ്രധാന അനുകൂലഘടകം.
കോളജ് അനുവദിക്കുന്നത് തടസപ്പെടുത്തുന്നതിനെതിരേ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാൻ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ തയാറെടുക്കുന്നതായാണ് അറിയുന്നത്.