മോഷണക്കുറ്റം ആരോപിച്ച് കോതമംഗലത്ത് പെണ്‍കുട്ടിയുടെ കാലില്‍ സിറിഞ്ച് കുത്തിക്കയറ്റിയ സംഭവത്തില്‍ ലാബ് ഉടമയെ രക്ഷപ്പെടുത്താന്‍ പോലീസിന്റെ ഒത്താശ. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം. സ്വകാര്യ മെഡിക്കല്‍ ലാബില്‍ പാര്‍ട്ട് ടൈം ജോലിക്കെത്തിയ പതിനെട്ടുകാരിക്കാണ് ഉടമയുടെ ക്രൂരപീഡനത്തിന് ഇരയാകേണ്ടിവന്നത്. കോതമംഗലം ഗവ.ആശുപത്രിപ്പടിയിലുള്ള നീതി മെഡിക്കല്‍ ലാബ് ഉടമ നാസറാണ് പെണ്‍കുട്ടിയെ മര്‍ദിക്കുകയും കാലില്‍ സിറിഞ്ച് കുത്തിക്കയറ്റുകയും ചെയ്തത്. രാഷ്ട്രദീപികയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ കോലഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാസറാകട്ടെ ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പെണ്‍കുട്ടിയുടെ പരാതിയില്‍ കാര്യമായ അന്വേഷണം നടത്താന്‍ പോലും പോലീസ് തയാറാകുന്നില്ലെന്നാണ് പരാതി.
പോലീസിന്റെ സഹായത്തോടെ നാസര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയെന്നാണ് സൂചന. ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക നല്‍കാമെന്നും നാസര്‍ സമ്മതിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുപ്രകാരം ആദ്യഘട്ടമായി ഒരു ലക്ഷത്തോളം രൂപ പെണ്‍കുട്ടിയുടെ വീ്ട്ടുകാര്‍ക്ക് നല്കി. ലാബ് ഉടമയായ നാസര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതായി സൂചനയുണ്ട്. നിരാബലംബരായ പെണ്‍കുട്ടിയെയും അമ്മയെയും സ്വാധീനിച്ച് കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് പോലീസ് സഹായത്തോടെ നടക്കുന്നതെന്ന ആരോപണം ശക്തമാണ്.
സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനാവശ്യത്തിന് പണം കണ്ടെത്താനായി നവംബര്‍ ഏഴിനാണ് ലാബില്‍ പാര്‍ട് ടൈം ജോലിക്കു ചേര്‍ന്നത്. രാവിലെ 6.30 മുതല്‍ 10 വരെയായിരുന്നു ജോലി. അച്ഛന് മരിച്ചുപോയ പെണ്‍കുട്ടിക്ക് അമ്മയും ബുദ്ധിമാന്ദ്യമുള്ള സഹോദരിയും മാത്രമാണുള്ളത്. കഴിഞ്ഞ 16ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തന്നെ ലാബില്‍ സൂക്ഷിച്ചിരുന്ന 26,000 രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ രാവിലെ എട്ടു മണി മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയില്‍ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നുമാണ് പരാതി. കൂടാതെ തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും വായ് പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി തുടയില്‍ സിറിഞ്ചിന്റെ നീഡില്‍ കുത്തിയിറക്കിയെന്നും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.