കോതമംഗലം: ബംഗാളി യുവതികൾ ഉൾപ്പെട്ട കള്ളനോട്ടുസംഘത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾതേടി മുംബൈയിലെത്തിയ അന്വേഷണ സംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഉൗന്നുകൽ എസ്ഐ കെ.എം. സൂഫിയുടെ നേതൃത്വത്തിൽ നാലംഗ പോലീസ് സംഘമാണു മുംബൈയിൽ അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
കള്ളനോട്ട് സംഘത്തിൽ ഉൾപ്പെടെ ബംഗാളി യുവതികൾ മുംബൈയിലും കള്ളനോട്ട് കേസുകളിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞതോടെയാണു പോലീസ് അന്വേഷണം വ്യാപിപിച്ചത്. അതിനിടെ, എൻഐഎയും പോലീസിനൊപ്പം സമാന്തരമായി കേസ് അന്വേഷിച്ചുവരികയാണ്. പ്രതികളുടെ വിദേശബന്ധം ഉൾപ്പെടെ എൻഐഎ പരിശോധിച്ചുവരികയാണെന്നാണു ലഭിക്കുന്ന വിവരങ്ങൾ.
പൊൻകുന്നം മാളിയേക്കൽ അനൂപ് വർഗീസ് (45), മുംബൈയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേക്ക് (27), സാഹിം (20) എന്നിവരാണു കഴിഞ്ഞ വെള്ളിയാഴ്ച തലക്കോട് ചെക്ക് പോസ്റ്റിൽ കളളനോട്ടുകളുമായി പിടിയിലായത്. കള്ളനോട്ടുസംഘത്തെ ഉൗന്നുകൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണു ബംഗാളി യുവതികൾ മുംബൈയിലും കള്ളനോട്ട് കേസുകളിലെ പ്രതികളാണെന്നു വ്യക്തമായത്.
റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ ഏഴു ദിവസത്തേക്കാണു കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. എഎസ്പി യുടെ നേത്യത്വത്തിൽ ഇവരെ ഇന്നലെ വിശദമായി ചേദ്യം ചെയ്തു. 22,000 രൂപയുടെ കള്ളനോട്ടുകളുടക്കം ഏഴര ലക്ഷം രുപ പ്രതികളുടെ പക്കൽനിന്നു കണ്ടെടുത്തിരുന്നു. വഴിവിട്ട ജീവിതമാണു അനൂപിനെ ബംഗാളി യുവതികളിലേക്കു അടുപ്പിച്ചതെന്നാണു പോലീസ് പറയുന്നത്.