കോതമംഗലം: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും ഒടുവിലത്തെ സംഭവം ഇന്നലെ രാത്രി കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (45) നെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയതാണ്.
മൂന്ന് ദിവസം മുമ്പ് ശനിയാഴ്ച വൈകുന്നേരമാണ് നേര്യമംഗലം ഇടുക്കി റോഡിൽ കാട്ടാന പനമറച്ചിട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന കോതമംഗലം എം.എ എഞ്ചിനിയറിംഗ് വിദ്യാർഥിനി സി.വി. ആൻ മേരി (21) മരിച്ചത്. അതിന്റെ നടുക്കവും പ്രതിക്ഷേധവും വിട്ടുമാറും മുമ്പാണ് ഇന്നലെ വീണ്ടും എൽദോസിന്റെ ദാരുണ അന്ത്യം.
കഴിഞ്ഞ മാർച്ച് നാലിനാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വീട്ടമ്മയായ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) കൊല്ലപ്പെട്ടത്. പത്ത് മാസത്തിനിടെ കോതമംഗലത്ത് മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാനയെടുത്തത്.
മ്ലാവ് ഓട്ടോറിക്ഷക്ക് വട്ടം ചാടിയും, കാട്ടാന ആക്രമണങ്ങളിലുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ജീവനുകളാണ് കോതമംഗലം പ്രദേശത്ത് പൊലിഞ്ഞത്.കുട്ടമ്പുഴ ക്ണാച്ചേരിയിൽ ഇന്നലെ രാത്രി എട്ടോടെ ബസിറങ്ങി വീട്ടിലേക്ക് പോകും വഴി റോഡിലിട്ടാണ് എൽദോസിനെ കാട്ടാന കൊലപ്പെടുത്തിയത്.
ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് 200 മീറ്റർ അടുത്ത് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. ഈ ഭാഗത്ത് ഇരുവശവും കാടാണ്. കുറച്ച് ദൂരം പിന്നിട്ടശേഷമാണ് ജനവാസ മേഘല. അതു വഴി വന്ന യുവാവും, ഓട്ടോറിക്ഷാ ഡ്രൈവറുമാണ് മൃതദേഹം കണ്ട് നാട്ടുകാരെയും വനപാലകരെയും വിവരം അറിയിച്ചത്.