കോതമംഗലം: പണം കൂട്ടിച്ചോദിച്ച സംവിധായകനെ മദ്യലഹരിയില്‍ നിര്‍മാതാവ് കഴുത്തറത്തു കൊന്നു. ടെലിഫിലിം സംവിധായകനായ ജയന്‍ കൊമ്പനാടി(48)നെ കഴുത്തറത്തു കൊന്നശേഷം സുഹൃത്തും ടെലിംഫിലിം നിര്‍മ്മാണപങ്കാളിയും അഭിനേതാവുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേല്‍ ജോബി സില്‍വറാ(28)ണു കോതമംഗലം പോലീസില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജയനെ കൊലപ്പെടുത്തിയശേഷം അവിടെ കിടന്നുറങ്ങിയ ജോബി ഇന്നലെ രാവിലെ ഏഴിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍’എന്ന ടെലിഫിലിം ജോബിയെ നായകനാക്കി ജയന്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു ജോബി. ഇയാള്‍ കോതമംഗലത്തും പരിസരത്തുമായി സ്റ്റുഡിയോകള്‍ നടത്തിയിരുന്നു. ഏതാനും സിനിമകളിലും ടെലിഫിലിമുകളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ ഭാര്യയുമായി അകന്നാണു കഴിഞ്ഞിരുന്നത്. കോതമംഗലം മാര്‍ക്കറ്റിന് സമീപമുള്ള ജോബിയുടെ ഫ്‌ളാറ്റിലായിരുന്നു ടെലിഫിലിം പൂര്‍ത്തിയായശേഷവും ജയന്‍ താമസിച്ചിരുന്നത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ജോബി ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു.
വ്യാഴാഴ്ച ഇവിടെയെത്തിയ ജോബിയും ജയനും രാത്രി ഏറെ വൈകുവോളം മദ്യപിച്ചു. ഇതിനിടെ ഒരു മാസമായി പണത്തിന് ബുദ്ധിമുട്ടുകയാണെന്നും പണം നല്‍കണമെന്നും ജയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന മറുപടി ജയനെ പ്രകോപിപ്പിക്കുകയും ഇരുവരും തമ്മില്‍ ബലപ്രയോഗമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അടുക്കളയിലെത്തിയ ജയനെ ജോബി കറിക്കത്തിക്ക് അക്രമിക്കുകയായിരുന്നു. മദ്യലഹരിയില്‍ താഴെ വീണ ജയന്റെ ശിരസ് ജോബി കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി.
പിന്നീട് ഇവിടെ കിടന്നുറങ്ങി. രാവിലെ ഉറക്കമെണീറ്റപ്പോള്‍ ചില സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു. ഇവരാണു പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു കുളിച്ച് വേഷംമാറി പോലീസ് സ്റ്റേഷനിലെത്തി. ജോബിയെ സ്റ്റേഷനില്‍ ഇരുത്തിയശേഷം പോലീസ് ഫ്‌ളാറ്റിലെത്തിയപ്പോള്‍ തല വേര്‍പെട്ടു ശരീരം കമിഴ്ന്ന നിലയിലായിരുന്നു അടുക്കളയില്‍ ജയന്റെ മൃതദേഹം കാണപ്പെട്ടത്. പോലീസ് ഫ്‌ളാറ്റ് മുദ്രവച്ചു. പിന്നീട് ഫോറന്‍സിക് വിദഗ്ധ സൂസന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജോബിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.