കോതമംഗലം: നെല്ലിക്കുഴി-ചെറുവട്ടുർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംതോറും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം മാസങ്ങളായി തകർന്ന് കിടക്കുന്നത്. കെഎസ്ആർടിസി അടക്കം എട്ട് ബസുകളും നിരവധി സ്കൂൾ ബസുകളും സർവീസ് നടത്തുന്ന റോഡിനാണ് ഈ ദുർഗതി.
കുടിവള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്നു നെല്ലിക്കുഴി മുതൽ സ്കൂൾപ്പടി വരെയുള്ള റോഡിന്റെ 750 മീറ്ററോളം തകർന്നു തരിപ്പണമായി കിടക്കുകയാണ്. മെറ്റലും മറ്റും ഇളകി റോഡിൽ വൻ കുഴി രൂപപ്പെട്ടതോടെ അപകട സാധ്യതയും വർധിച്ചിരിക്കുകയാണ്.
ഗതാഗത യോഗ്യമല്ലാതായതോടെ നെല്ലിക്കുഴി ജംഗ്ഷനിലടക്കം ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും മറ്റും കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിക്കുകയാണ്.
റോഡ് നവീകരണത്തിന് 3.70 കോടി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും നിർമാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. തുക വകമാറ്റി ഉപയോഗിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികൾ ആവിഷ്കരിക്കുമെന്നു മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.